കോമ്രേഡ്സ് മാരത്തണില്‍ ഇരട്ട മെഡല്‍ നേട്ടവുമായി മറ്റക്കര സ്വദേശിനി
1573967
Tuesday, July 8, 2025 2:54 AM IST
മറ്റക്കര: ദക്ഷിണാഫ്രിക്കയില്‍ നടന്ന 98-ാമത് കോമ്രേഡ്സ് മാരത്തണില്‍ ഇരട്ട മെഡല്‍ നേട്ടവുമായി മറ്റക്കര സ്വദേശിനിയും മുംബൈ മലയാളിയുമായ സുനി ആന്‍ സെബാസ്റ്റ്യന്‍. കോമ്രേഡ്സ് മാരത്തണ്‍ ദക്ഷിണാഫ്രിക്കയിലെ ഡര്ബന്, പീറ്റര്‍ മാരിറ്റ്സ്ബര്‍ഗ് എന്നീ നഗരങ്ങള്‍ക്കിടയിലെ മലനിരകള്‍ക്കിടയില്‍ 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലാണ് നടക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപതിനായിരത്തില്‍പ്പരം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ മാരത്തണില്‍ 417 ഇന്ത്യക്കാരാണ് പങ്കെടുത്തത്. 11 മണിക്കൂര്‍ 41 മിനിറ്റിലാണ് സുനി നിശ്ചിതദൂരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇതേ നേട്ടം കൈവരിച്ച സുനി തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ കോമ്രേഡ്സ് മാരത്തണ്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയാണ്.
ഭര്‍ത്താവ് ടോംസി ചെറിയാന് അള്‍ട്രാ റണ്ണര്‍ കൂടിയാണ്. നെടുംകുന്നം ചമ്പന്നൂര്‍ കുടുംബാംഗമായ സുനി മറ്റക്കര മണ്ണനാല് സെബാസ്റ്റ്യന്‍-ആനി ദമ്പതികളുടെ മകളാണ്.