കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സ് തകർന്ന നിലയിൽ
1573968
Tuesday, July 8, 2025 2:54 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സും പൊട്ടിപ്പൊളിഞ്ഞ നിലയിൽ. പതിറ്റാണ്ടുകൾ പഴക്കം ചെന്ന ക്വാർട്ടേഴ്സിലാണ് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റുമാർ, അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാർ താമസിക്കുന്നത്. ചാത്തുണ്ണിപ്പാറ ഭാഗത്ത് 34 ജി ടൈപ്പ് ക്വാർട്ടേഴ്സാണുള്ളത്. ഇവിടെ അപകട സാഹചര്യം മുന്നിൽ കണ്ടാണ് ജീവനക്കാർ താമസിക്കുന്നത്.
ക്വാർട്ടേഴ്സിന്റെ ഉൾഭാഗത്ത് തറയും സീലിംഗുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. എലി ശല്യവും ഏറെയാണ്. ഒട്ടുമിക്ക ക്വാർട്ടേഴ്സിലെയും അടുക്കളയും ശുചിമുറിയും തകർന്ന നിലയിലാണ്. ശുചിമുറിയുടെ ഭാഗം പൊട്ടിയൊലിക്കാൻ തുടങ്ങിട്ട് മാസങ്ങളായി. ദുർഗന്ധം സഹിച്ചാണ് ഇവർ താമസിക്കുന്നത്.
പല ക്വാർട്ടേഴ്സും ചോർന്നൊലിക്കുകയാണ്. ജനൽപാളികൾ തകർന്നതും ജനൽ കമ്പികൾ തുരുമ്പ് പിടിച്ചതുമാണ്. വയറിംഗും സ്വിച്ച് ബോർഡും തകർന്ന നിലയിലാണ്. നാല് ക്വാർട്ടേഴ്സുകൾ ഉപയോഗശൂന്യമായ സ്ഥിതിയിലാണ്. പരിസരം കാടുകയറിയ നിലയിലുമാണ്.
മുമ്പ് ഇടയ്ക്കിടെ ക്വാർട്ടേഴ്സിൽ മെയിന്റനൻസും പെയിന്റിംഗും പിഡബ്ല്യുഡി നടത്തിയിരുന്നു. നിലവിൽ വർഷങ്ങളായി മെയിന്റനൻസ് നടക്കുന്നില്ല. ജീവനക്കാർക്ക് മറ്റു മാർഗമില്ലാത്തതു കൊണ്ട് സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് താമസിക്കുന്നത്.
പരിസരം കാടുകയറാതിരിക്കാൻ ചില ജീവനക്കാർ ക്വാർട്ടേഴ്സ് പരിസരത്ത് പച്ചക്കറി കൃഷി നടത്തിയിരുന്നു. എന്നാൽ ആശുപത്രി അധികാരികളുടെ നിർദേശപ്രകാരം കൃഷി നിർത്തിവയ്പിച്ചതായും പറയപ്പെടുന്നു. ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്. ജീവനക്കാരുടെ കുട്ടികളും പ്രായമായ മാതാപിതാക്കൾ വരെ ഇവിടെ താമസിക്കുന്നുണ്ട്.
അതേസമയം ജീവനക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പിഡബ്ല്യുഡി അധികാരികൾക്കും ശോച്യാവസ്ഥ പരിഹരിക്കാൻ അപേക്ഷ നൽകിട്ടും ഒരു നടപടിയുമില്ലെന്നാണ് വിവരം.