പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ; രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥി
1601745
Wednesday, October 22, 2025 5:24 AM IST
കോട്ടയം: അനേകരുടെ കഠിനാധ്വാനത്തിലും കാത്തിരിപ്പിനുമൊടുവിലാണ് സെന്റ് തോമസ് കോളജ് പാലായ്ക്ക് സ്വന്തമായത്. 1950 ഓഗസ്റ്റ് ഏഴിന് കോട്ടയം രൂപതാധ്യക്ഷനും മലബാര്‍ ബിഷപ്സ് കോണ്‍ഫറന്‍സ് സെക്രട്ടറിയുമായിരുന്ന മാര്‍ തോമസ് തറയില്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചങ്ങനാശേരി എസ്ബി, ആലുവ യുസി കോളജുകള്‍ മാത്രമായിരുന്നു അക്കാലത്തെ ഉന്നത കലാലയങ്ങള്‍. ഈ സാഹചര്യത്തിലാണ് പാലാ സെന്റ് തോമസ് ഹൈസ്കൂളിനെ ഒരു സെക്കൻഡ് ഗ്രേഡ് കോളജായി ഉയര്‍ത്തണമെന്ന ആശയം ഉദിക്കുന്നത്.
1937 ല്‍ ആരംഭിച്ച ഉദ്യമം ലക്ഷ്യത്തിലെത്തിയത് ഭാരതം സ്വതന്ത്രമായതിനു ശേഷമാണ്. 1949 ഡിസംബര്‍ ആറിന് കോളജിന് താത്കാലിക അനുമതി ലഭിക്കുകയും 1950 ഏപ്രില്‍ 16ന് മദ്രാസ് ആര്‍ച്ച് ബിഷപ്പ് റവ.ഡോ. മത്യാസ് ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്റര്‍മീഡിയറ്റ് ആരംഭിക്കാന്‍ അനുവാദം ലഭിച്ചു.
പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ ഒരു മുറിയായിരുന്നു കോളജ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. പ്രഫ. വി.ജെ. ജോസഫ് വൈസ്പ്രിന്‍സിപ്പലും. മുന്നൂറിലധികം വിദ്യാര്‍ഥികളും 14 അധ്യാപകരും ഏതാനും അനധ്യാപകരുമാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത്.
അതേദിവസം തന്നെയാണ് പാലാ രൂപത സ്ഥാപിക്കപ്പെട്ടതും കോളജ് നിര്‍മാണ കമ്മിറ്റിക്ക് നേതൃത്വം നല്‍കിയിരുന്ന വയലില്‍ കളപ്പുര മാണിയച്ചന് (മാര്‍ സെബാസ്റ്റ്യന്‍ വയലില്‍) പ്രഥമ മെത്രാനായി പ്രഖ്യാപിക്കപ്പെട്ടതും.
1952-53 അധ്യയനവര്‍ഷം ഇക്കണോമിക്സ്, മാത്തമാറ്റിക്സ് ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ 60 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇന്റര്‍ മീഡിയറ്റില് 612 വിദ്യാര്‍ഥികളും. 1952 മുതല്‍ 1968 വരെ പ്രിന്‍സിപ്പലായിരുന്ന മോണ്‍. ജോസഫ് കുരീത്തടം കോളജിനെ ഉയര്‍ച്ചയിലേക്ക് നയിച്ചു. വിവിധ ബ്ലോക്കുകളും ഓഡിറ്റോറിയവും ക്രിസ്തുരാജ് ഹോസ്റ്റലും ഫാത്തിമ ഹോസ്റ്റലും കാന്റീനും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും നീന്തല്‍ക്കുളവും നിര്‍മിക്കപ്പെട്ടത് കുരീത്തടത്തിലച്ചന്റെ കാലത്താണ്. 10 ബിരുദ കോഴ്സുകളും ഒന്‍പത് ബിരുദാനന്തര ബിരുദ കോഴ്സുകളും അക്കാലത്ത് ആരംഭിച്ചു. 1971-72 ല്‍ 2502 വിദ്യാര്‍ഥികളും 139 അധ്യാപകരുമായി.
1976 ഫെബ്രുവരി 12ന് രജത ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു. 1999-2000 ല്‍ സുവര്‍ണ ജൂബിലി മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
ഡോ. പി.ജെ തോമസ്, ഫാ. ജോസഫ് കുരീത്തടം, ഡോ. എന്‍.എം. തോമസ്, പ്രഫ. പി.എം. ചാക്കോ, ഫാ. ജോസഫ് വെള്ളാങ്കല്‍, ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ.ഡോ. കുര്യന് മറ്റം, റവ.ഡോ. മാത്യു മലേപ്പറമ്പില്‍, റവ.ഡോ. മാത്യു ജോണ്‍ കോക്കാട്ട്, ഡോ. കെ.കെ. ജോസ്, ഫാ. ജോസഫ് ഞാറക്കാട്ടില്‍, ഡോ. സണ്ണി ജോസഫ്, ഡോ. ജോയി ജോര്‍ജ്, ഡോ. ജയിംസ് ജോണ്‍ എന്നിവര്‍ക്കുശേഷം ഡോ. സിബി ജയിംസ് ഇപ്പോള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് രക്ഷാധികാരി.
15 യുജി, 16 പിജി പ്രോഗ്രാമുകളിലും 11 ഗവേഷണവിഭാഗങ്ങളിലുമായി ഇപ്പോള്‍ 2000ല്‍പ്പരം വിദ്യാര്‍ഥികളുണ്ട്. റവ.ഡോ. സാല്‍വിന്‍ കെ. തോമസ് വൈസ്പ്രിന്സിപ്പലായും ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ ബര്‍സാറായും സേവനമനുഷ്ഠിക്കുന്നു. നിലവില്‍ പെണ്‍കുട്ടികള്‍ക്കും എല്ലാ കോഴ്സുകളിലും പ്രവേശനമുണ്ട്. നാക് സമിതിയുടെ എ പ്ലസ് പ്ലസ് അംഗീകാരവും ഓട്ടോണമസ് പദവിയും കരസ്ഥമാക്കിയതിന്റെ അഭിമാനത്തോടെയാണു കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം.