പൂഞ്ഞാറില്‍ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നു
1601739
Wednesday, October 22, 2025 5:24 AM IST
പൂഞ്ഞാര്‍: വളതൂക്കില്‍ ആടിനെ അജ്ഞാതജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പഞ്ചായത്ത് വളതൂക്ക് കൃഷിഭവന് സമീപം കീരംചിറയില്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള ഒരു വയസ് പ്രായമുള്ള ആടിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. സമീപത്തെ പുരയിടത്തില്‍ തീറ്റാനായി വിട്ടിരുന്ന ആടിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് കൊന്നുതിന്ന നിലയില്‍ കണ്ടെത്തിയത്.
ആടിന്റെ ശരീരം പകുതിയോളം കടിച്ചു തിന്ന നിലയിലായിരുന്നു. 15 കിലോയോളം തൂക്കമുള്ള പെണ്ണാടായിരുന്നു. ഏതു മൃഗമാണ് ആക്രമിച്ചതെന്ന് സംശയം ഉയര്‍ന്നതോടെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രി ഒമ്പതോടെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചെന്നായ ആകാനാണ് സാധ്യതയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.