ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: മാർ പുളിക്കൽ
1601742
Wednesday, October 22, 2025 5:24 AM IST
കാഞ്ഞിരപ്പള്ളി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്കു കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി നിലപാട് സ്വീകരിച്ച്, വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ വലിയ സംഭാവനങ്ങൾ നൽകിയ ഈ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു കൃത്യമായി പഠിച്ചു പുറത്തുകൊണ്ടുവരേണ്ട റിപ്പോർട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ എൻഎസ്എസിനു ലഭിച്ച അനുകൂലവിധി എല്ലാവർക്കും ബാധകമാണെന്നു പകൽപോലെ വ്യക്തമായിട്ടും തമസ്കരിക്കുന്നതു ശരിയല്ല. കുട്ടികളുടെ വിദ്യാഭ്യാസ അവകാശംകൂടിയാണ് നിഷേധിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് സർക്കാർ പക്ഷപാതിത്വപരമായ നിലപാടുകൾ സ്വീകരിക്കുന്നതെന്ന ചോദ്യം പ്രസക്തം. ഇടപെടുന്നുവെന്നു വരുത്തിവച്ചിട്ട് കാര്യമില്ല.
വിവേചനപരമായ നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നത്. വന്യജീവിശല്യം പെരുകിയതിനാൽ അടിയന്തരമായി 1972ലെ വനം വന്യജീവി നിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഇടപ്പെടണം. റബറിന് കൃത്യമായ വില സ്ഥിരതയുണ്ടാകണമെന്നും 250 രൂപ തറവിലയായി മാറ്റണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
നമ്മൾ കടുത്ത പ്രതിഷേധം ഉയർത്തിയപ്പോൾ അധ്യാപക നിയമനമായി ബന്ധപ്പെട്ട പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി ഇടപെടൽ നടത്തിയത് അവകാശ സംരക്ഷണയാത്രയുടെ വിജയത്തിന്റെ ഒന്നാം ഘട്ടമാണെന്നു ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ പല പ്രസ്താവനകളും പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ആമുഖ സന്ദേശവും ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും നടത്തി.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതി അംഗം ടെസി ബിജു പാഴിയാങ്കൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ജോർജ് കോയിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, ജോജോ തെക്കുംചേരിക്കുന്നേൽ, ബിജു ശൗര്യാംകുഴി, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, സിനി ജിബു നീറനാക്കുന്നേൽ, ജിജി പുത്തേട്ട്, ജോബി തെക്കുംചേരിക്കുന്നേൽ, ജോബിൻ വടക്കേനാത്ത്, അനിത ജസ്റ്റിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽനിന്ന് ആരംഭിച്ച അവകാശ സംരക്ഷണ റാലിയിൽ നിരവധിപേർ പങ്കെടുത്തു.