ഒരിക്കലും മറക്കാത്ത സെന്റ് തോമസ് കാലം
1601744
Wednesday, October 22, 2025 5:24 AM IST
1961 ജൂണിലാണ് ഞാന്‍ പാലാ സെന്റ് തോമസ് കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് എത്തുന്നത്. വിശാലമായ പച്ച പുതച്ച കാമ്പസ്. ഗാംഭീര്യത്തോടെ മൂന്നുനില മെയിന്‍ ബില്‍ഡിംഗ്. ലാബുകള്‍, സ്വിമ്മിംഗ് പൂള്, അഞ്ചര ഏക്കര്‍ മൈതാനം. ഫുട്ബോള്‍, ഹോക്കി, ഷട്ടില്‍ കോര്‍ട്ടുകള്‍. മുന്നിലൂടെ കോട്ടയം-പൂഞ്ഞാര്‍ മെയിന്‍ റോഡ്. പിന്നില്‍ മീനച്ചിലാര്‍. മെയിന്‍ ബില്‍ഡിംഗിന്റെ ഇടതുവശത്തെ ലൈബ്രറി ബ്ലോക്കിലായിരുന്നു പ്രീ യൂണിവേഴ്സിറ്റി ക്ലാസ്.
അതില്‍ ജി-ബാച്ചിലായിരുന്നു ഞാനും ജ്യേഷ്ഠന് സക്കറിയാസും. അന്നു കോളജിലെത്തിയ കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ.സി.കെ.ഇ. രാജ, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കുരീത്തടത്തിനൊപ്പം ഞങ്ങളുടെ ക്ലാസില്‍ വന്നു. അച്ചന് എന്നെ വിശിഷ്ടാതിഥിക്കു പരിചയപ്പെടുത്തി. വൈസ് ചാന്‍സലര്‍ എന്നോടു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. ഒന്ന് "കോടി' എന്നര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്ക്.
എനിക്ക് "ലാക്’ കഴിഞ്ഞ് ‘മില്യന്‍’ വരെ മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ. "ക്രോര്‍’ എന്ന വാക്ക് "കോ’ എന്നു മുഴക്കത്തില്‍ അദ്ദേഹം തിരുത്തി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നും മനസിലാകാതെ ഞാന്‍ ‘കോ’ എന്നു പ്രതിവചിച്ചു, വിസിക്കു തൃപ്തിയായി.
മീനച്ചിലാറിന് കുറുകെ മുത്തോലി പാലം അക്കാലത്ത് പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കൊഴുവനാലില്‍ നിന്ന് ലൈന്‍ബസില്‍ മുത്തോലി കടവില്‍ ഇറങ്ങി വള്ളം കടന്ന് ഒരു കിലോമീറ്റര്‍ കാട്ടുവഴിയിലൂടെ കോളജിലേക്കു നടക്കും. ഒരു മാസത്തെ ക്ലേശ യാത്രയ്ക്കുശേഷം കോളജിനടുത്ത് വീട് വാടകയ്ക്കെടുത്തു പ്രീയൂണിവേഴ്സിറ്റി പൂര്‍ത്തിയാക്കി.
വെള്ളപ്പൊക്കവും ആഘോഷം
ഫീസ് കൊടുത്തായിരുന്നു പഠനം. യഥാസമയം ഫീസടച്ചില്ലെങ്കില്‍ മാസാന്ത്യം ഫൈന്‍ കൂട്ടി കൊടുക്കണം. അര രൂപ, മുക്കാല്‍ രൂപ, ഒരു രൂപ, ഒന്നര രൂപ പരമാവധി രണ്ട് രൂപ ആയിരുന്നു ഫൈന്‍. പ്രിന്‍സിപ്പല്‍, വൈസ്പ്രിന്‍സിപ്പല്‍, ബര്‍സാര്‍ ഇവരില്‍ ഒരാള്‍ക്കേ ഫൈന്‍ കുറയ്ക്കാനാവൂ. മൂന്നു പേരെയും ദൈന്യഭാവം കാണിച്ച് ഫൈന്‍ കുറയ്ക്കാനുള്ള ചിറ്റ് വാങ്ങും. അങ്ങനെ ഏറ്റം കുറഞ്ഞ ചിറ്റ് എടുത്ത് ഫീസിന്റെ കൂടെ കൊടുക്കും.
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പാലാ രൂപതാധ്യക്ഷനാകുംമുമ്പ് പാലാ സെന്റ് തോമസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരിക്കെ രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1950ലാണ് സെന്റ് തോമസ് കോളജ് സ്ഥാപിതമായത്. 1961ല്‍ പ്രധാന കെട്ടിടം കൂടാതെ മൂന്നുനില ലൈബ്രറി ബില്‍ഡിംഗ് 1962ല്‍ കേരള ഗവര്‍ണറായിരുന്ന വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ആ വര്‍ഷം കോളജ് ദിനാഘോഷത്തിനു മുഖ്യാതിഥി കേന്ദ്രമന്ത്രി പനമ്പള്ളി ഗോവിന്ദമേനോനായിരുന്നു.
പണി തീരാറായ ഓഡിറ്റോറിയത്തിനു മുന്നില്‍ ഓടിട്ട നീളന്‍ കെട്ടിടത്തിലായിരുന്നു കാന്റീനും ബുക്ക് സ്റ്റാളും. താമസത്തിനു ക്രിസ്തുരാജ് ഹോസ്റ്റല്‍. മീനച്ചിലാര്‍ വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ സമ്മാനിച്ചിരുന്ന വെള്ളപ്പൊക്കം ഞങ്ങളേറെ ആസ്വദിച്ചിരുന്നു.
പ്രതിഭകളുടെ കാലം
അറുപതുകളുടെ മധ്യത്തോടെ രാജ്യത്തെ മുന്‍നിര വോളിബോള്‍ ടീം എന്ന ഖ്യാതി സെന്റ് തോമസ് കോളജ് നേടി. 1966-68 കാലത്ത് ദേശീയ വോളിയിലെ ഒന്നാംസ്ഥാനം കുത്തകയാക്കിയിരുന്ന ഉത്തര്‍പ്രദേശ് പോലീസ് ടീമിനെ ഓള് ഇന്ത്യാ മണര്‍കാട്ട് ടൂര്‍ണമെന്റില്‍ തകര്‍ത്ത് പാലാ സെന്റ് തോമസ് കോളജ് ട്രോഫിയില്‍ മുത്തമിട്ടത് മാധ്യമങ്ങള്‍ക്ക് ചാകരയായി. ജിമ്മി ജോര്‍ജ്, ജ്യേഷ്ഠന് ജോസ് ജോര്‍ജ്, എസ്. ഗോപിനാഥ്, പി.ജെ. ജോസ്, എം.എ. ജോസഫ്, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ അങ്ങനെ ദേശീയ-അന്തര്‍ദേശീയ താരങ്ങളായി.
1961-62 ലാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിഎ ആരംഭിച്ചത്. 1962-63 രണ്ടാം ബാച്ചില്‍ എനിക്ക് പ്രവേശനം ലഭിച്ചു. 1965-ല്‍ എംഎ ആരംഭിച്ചപ്പോള്‍ കോഴ്സ് കോ-ഓര്‍ഡിനേറ്ററായി ഫാ. കുരീത്തടം കൊണ്ടുവന്നത് പ്രസിദ്ധ ഇംഗ്ലീഷ് പ്രഫസര്‍ ഡോ. എ. ശിവരാമ സുബ്രഹ്മണ്യ അയ്യരെയാണ്. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യക്കാരന്. ഞങ്ങളെ മോട്ടിവേറ്റ് ചെയ്യാന്‍ തന്റെ പൂര്‍വവിദ്യാര്‍ഥികളുടെ ലിസ്റ്റ് പലപ്പോഴും ഡോ. അയ്യര്‍ പറയുമായിരുന്നു.
എന്നും ലിസ്റ്റ് ആരംഭിക്കുന്നത് "വണ്‍-കെ.ആര്. നാരായണന്’-ല്‍. പില്ക്കാലത്ത് ഇന്ത്യന്‍ പ്രസിഡന്റായ കെ.ആര്. നാരായണന് അന്ന് ബര്‍മീസ് എംബസിയില്‍ ഫസ്റ്റ് സെക്രട്ടറി മാത്രമാണ്. ലിസ്റ്റില്‍ കേണല്‍ ഗോദവര്‍മരാജ, വൈസ് ചാന്‍സലര്‍ ഹബീബ് മുഹമ്മദ്, ഡോ. അയ്യപ്പപണിക്കര്‍, ഡോ. നരേന്ദ്രപ്രസാദ്, കെ.എം. ചാണ്ടി തുടങ്ങിയ സ്റ്റാര്‍സ്. ഞങ്ങളുടെ വകുപ്പ് അധ്യക്ഷനായിരുന്ന പ്രഫ. കെ.എം. ചാണ്ടി പില്ക്കാലത്ത് പോണ്ടിച്ചേരി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി.
താരപ്രഭയിൽ
കോളജുകള്‍ അക്കാലത്ത് കലാലയങ്ങള്ത്തന്നെ ആയിരുന്നു. നാടകം, കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്, പ്രഭാഷണം തുടങ്ങിയവയ്ക്കായിരുന്നു മേല്‍സ്ഥാനം. ഏകാങ്ക നാടകങ്ങളും കുറവല്ലായിരുന്നു. കോളജ് യൂണിയന്, കാത്തലിക് സ്റ്റുഡന്റ്സ് യൂണിയന്, എന്‍സിസി, ഇംഗ്ലീഷ്-മലയാളം അസോസിയേഷനുകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു കലാപരിപാടികള്‍.
1967 ജനുവരി 17 മുതല്‍ 24 വരെ കോളജില്‍ നടത്തിയ "ഫെസ്റ്റിവല്‍ ഓഫ് ആര്‍ട്സ്' സംഭവമായിരുന്നു. അതിലെ അതിഥികളെക്കൂടി പറയാം. മുഹമ്മദ് റാഫി, പി.ബി. ശ്രീനിവാസ്, കെ.ജെ. യേശുദാസ്, എസ്. ജാനകി, സത്യന്, പ്രേം നസീര്‍, ഹിന്ദി ഹാസ്യതാരം ജോണി വിസ്കി തുടങ്ങിയവര്‍. കൂടാതെ മദ്രാസ് സിസ്റ്റേഴ്സിന്റെ ഡാന്‍സും കലാനിലയത്തിന്റെ നാലു ദിവസത്തെ നാടകവും. സെന്റ് തോമസിന്റെ ഖ്യാതിയായി അറിയപ്പെട്ടിരുന്നത് കാമ്പസിലെ മികച്ച അച്ചടക്കമായിരുന്നു. ഫാ. ജോസഫ് കുരീത്തടമായിരുന്നു ഈ സല്പേരിന്റെ മുഖ്യശില്പി.
ഞാന്‍ പ്രീയൂണിവേഴ്സിറ്റിക്കു പഠിക്കുമ്പോള്‍ ഹിന്ദി, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി എന്നിവയായിരുന്നു പിജി കോഴ്സുകള്‍. 1964-ല്‍ കെമിസ്ട്രി, 1965-ല്‍ ഇംഗ്ലീഷ്, ഫിസിക്സ്, 66ല്‍ കണക്ക്, ഇക്കണോമിക്സ് പിജി കോഴ്സുകള്‍ ആരംഭിച്ചു. അക്കാലത്ത് ഏറ്റവുമധികം പിജി കോഴ്സുകളുണ്ടായിരുന്നത് കൊല്ലം എസ്എന്‍ കോളജിലായിരുന്നു. രണ്ടാം സ്ഥാനം പാലാ സെന്റ് തോമസിനും.
ഡോ. സെബാസ്റ്റ്യന്‍ നരിവേലി