ജില്ലയിലെ സിപിഎമ്മിനെ ഇനി ടി.ആര്. രഘുനാഥന് നയിക്കും
1533655
Sunday, March 16, 2025 11:50 PM IST
കോട്ടയം: എ.വി. റസലിന്റെ പിന്‍ഗാമിയായി ജില്ലയിലെ സിപിഎമ്മിനെ ഇനി ടി.ആര്. രഘുനാഥന് നയിക്കും. കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗമായി രഘുനാഥന് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ സെക്രട്ടറിയാകുമെന്നുറപ്പായിരുന്നു. എ.വി. റസലിന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ നേരത്തെ യോഗം നിശ്ചയിച്ചിരുന്നെങ്കിലും സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
ഇന്നലെ ജില്ലാ കമ്മിറ്റി യോഗത്തിനു മുമ്പ് ജില്ലയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും യോഗം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്റെയും സെക്രട്ടേറിയറ്റംഗം ഡോ. പി. കെ.ബിജുവിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ രഘുനാഥന്റെ പേരല്ലാതെ മറ്റൊരു പേരും ഉയര്‍ന്നില്ല.
തുടര്‍ന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ മേല്‍ കമ്മിറ്റികളുടെ തീരുമാനവും രഘുനാഥന്റെ പേരും സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വി.എന്‍. വാസവന് നിര്‍ദേശിച്ചു. എതിരഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാന്‍ സംസ്ഥാന സെക്രട്ടറിയും പറഞ്ഞു. തുടര്‍ന്ന് യോഗം ഐകകണ്ഠ്യേന രഘുനാഥനെ തെരഞ്ഞെടുക്കുകയായിരുന്നു.
രഘുനാഥന് സെക്രട്ടറിയായതോടെ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും. സിഐടിയു സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായി കെ. അനില്‍കുമാറിനെയാണ് പരിഗണിക്കുന്നത്. എ.വി. റസലിന്റെ ഒഴിവില്‍ ഒരാളെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് അടുത്ത ജില്ലാ കമ്മിറ്റി തെരഞ്ഞെടുക്കും.
ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.സി. ജോസഫ്, ജോയി ജോര്‍ജ് എന്നിവര്‍ക്കാണ് സാധ്യത. 63കാരനായ രഘുനാഥന് കോട്ടയം ബസേലിയസ് കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തുവന്നത്. സിപിഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമായിരുന്നു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായിരുന്നു. കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ചെര്മാനാണ്. പാമ്പാടി മദ്യവ്യവസായത്തൊഴിലാളി യൂണിയന് സെക്രട്ടറി, കെപിപിഎല്‍ എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ: രഞ്ജിത. മകന്: രഞ്ജിത്ത്. മരുമകള്‍: അര്‍ച്ചന.