ലഹരി മിഠായി: പരാതികളിൽ അന്വേഷണം പ്രസഹനം
1533653
Sunday, March 16, 2025 11:50 PM IST
കോട്ടയം: മിഠായികള്‍, സിപ്പ് അപ്, കൂള്‍ ഡ്രിംഗ്സ്, ഐസ് ക്രീം തുടങ്ങിയവയില്‍ മാരക ലഹരി ചേരുന്നതായ പരാതികളിൽ അന്വേഷണം പ്രസഹനം. ഭക്ഷ്യയോഗ്യമായതെന്തും തയാറാക്കി വില്ക്കാന് രാജ്യത്ത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായിരിക്കെ ഭക്ഷ്യസാധന സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടത്ര സംവിധാനങ്ങളോ ജീവനക്കാരോ ഇല്ല.
കുട്ടികളിലും യുവതീയുവാക്കളിലും ആസക്തിയുണ്ടാക്കുന്ന ലഹരി സാധനങ്ങള്‍ വില്ക്കപ്പെടുന്നതായ പരാതികളില്‍ പരിശോധനയ്ക്ക് പരിമിതിയേറെയാണ്്. മയക്കുമരുന്നും മറ്റ് ലഹരിസാധനങ്ങളും ചേര്‍ന്ന പാനീയങ്ങളും മിഠായികളും അരിഷ്ടവും പരിശോധിക്കാന്‍ എക്സൈസിന്റെ സഹായവും ഭക്ഷ്യവകുപ്പിന് വേണ്ടതുണ്ട്.
ഐസ് ക്യൂബ്, ഐസ് ക്രീം എന്നിവയില്‍ മാത്രമല്ല ജ്യൂസിലും ലഹരി വസ്തുക്കള്‍ ചേരുന്നതാണ് ആശങ്ക. മിഠായി എന്ന ബ്രാന്‍ഡില്‍ പതിനായിരത്തിലേറെ ഉത്പന്നങ്ങളാണ് വിറ്റഴിയുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മുംബൈ മിഠായി തുടങ്ങി ഒട്ടേറെ സാധനങ്ങളുടെ ഉത്പാദന ഉറവിടവും വ്യക്തമല്ല.
വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സിപ്പ് അപ്പും ഐസ് ക്രീമും ചില ഇനം മിഠായികളും ച്യൂയിംഗവും പതിവായി വാങ്ങിക്കഴിക്കുന്ന സാഹചര്യമുണ്ട്. ചെറിയ കുട്ടികള്‍ വരെ അപക്വമായി പെരുമാറുകയും അക്രമാസക്തരാവുകയും ചെയ്യുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ലഹരി ചേര്‍ന്ന ഇത്തരം സാധനങ്ങള്‍ കാരണമാകുന്നതായി ആശങ്കപ്പെടുന്നു.
ഭക്ഷണമോ പാനീയമോ കഴിച്ചാല്‍ ബില്ല് നല്‍കണമെന്നും അതില്‍ സ്ഥാപനത്തിന്റെയും കമ്പനിയുടെയും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തണമെന്നുമാണ് ചട്ടം.
പായ്ക്കറ്റില്‍ വില്‍ക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ലേബലില്‍ എഫ്എസ്എഫ്എഐ ലൈസന്‍സ്/രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ഭക്ഷണശാലകളിലും ബേക്കറി, മിഠായിക്കട, പലചരക്ക് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ റീട്ടെയില്‍ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തിയ ഭക്ഷ്യസുരക്ഷാ ഡിസ്പ്ലേ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുള്ളതാണ്.
കളക്ടർ അധ്യക്ഷനായുള്ള സമിതിയും നോക്കുകുത്തി
കോട്ടയം: അനധികൃത മദ്യ-ലഹരി വസ്തുക്കളുടെ നിര്‍മാണവും വിപണനവും കടത്തും തടയാന്‍ ജില്ലകളില്‍ രൂപീകരിക്കപ്പെട്ട കളക്ടർ അധ്യക്ഷനായുള്ള സമിതികള്‍ നോക്കുകുത്തികളാകുന്നു. 14 ജില്ലകളിലും ഇങ്ങനെ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ല. യോഗങ്ങള്‍ പേരിനു മാത്രം ചേര്‍ന്ന് മിനിട്സ് രേഖപ്പെടുത്തി പിരിയുന്നു.
യോഗത്തിന്റെ മിനിട്സും മറ്റു കാര്യങ്ങളും സംസ്ഥാന തലത്തിലേക്ക് അയച്ചുകൊടുക്കുന്നതല്ലാതെ ഒരു നടപടിയും ജില്ലാതലത്തില്‍ നടപ്പാക്കുന്നില്ല. യോഗം ചേരുന്ന കാലയളവില്‍ പിടിക്കപ്പെടുന്ന ചില്ലറ കേസുകളുടെ കണക്കുകൾ യോഗത്തില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരണമെന്നാണെങ്കിലും പലപ്പോഴും മറ്റ് ഉദ്യോഗസ്ഥർക്കു ചാര്‍ജ് നല്കി തലയൂരുകയാണ് ചെയ്യുന്നത്. ഉത്തരവാദിത്വപ്പെട്ട എക്സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യു സംവിധാനങ്ങളും നിസംഗത പാലിക്കുകയാണ്.
കോടിക്കണക്കിനു രൂപയുടെ മാരക മയക്കുമരുന്നുകളാണ് ഒരു ദിവസം സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും. സംസ്ഥാനത്തേക്ക് ഒഴുകുന്ന ലഹരി മരുന്നുകളെക്കുറിച്ച് സര്‍ക്കാര്‍ അറിയുന്നില്ലെന്നാണ് പറയുന്ന ന്യായം.
സര്‍ക്കാരിന്റെ ഇന്റലിജന്‍സ് സംവിധാനവും ഇക്കാര്യത്തില്‍ പരാജയമാണ്. ജയിലുകളിലും സിനിമ ഷൂട്ടിംഗ് മേഖലകളിലും സ്കൂള്‍-കോളജ് കുട്ടികൾക്കിടയിലും നാടിന്റെ മുക്കിലും മൂലയിലും നിര്‍ബാധം ലഹരിമരുന്ന് ഉപയോഗിക്കപ്പെടുന്നു. ആഘോഷ പരിപാടികളിലും റിസോര്‍ട്ടുകളും ജിംനേഷ്യങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന നിശാ പാര്‍ട്ടികളിലും രാസ ലഹരിയുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്.
സ്കൂള്‍, കോളജ് കുട്ടികളെ ലഹരിയുടെ കൈമാറ്റത്തിനും വിപണനത്തിനുമായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പണത്തിനു വേണ്ടി പല കുട്ടികളും ഇതില്‍ വന്നു ചാടുകയാണ്. ഒടുവില്‍ ഇതിന്റെ ഉപയോഗത്തിനും അടിമപ്പെടുന്നു.
സ്കൂള്‍, കോളജ് തലങ്ങളില്‍ ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിച്ചെങ്കിലും ഉദ്ഘാടന ദിവസംതന്നെ അതു അവസാനിക്കുകയാണ്.
കുട്ടികളിലെ മാനസിക വ്യതിയാനങ്ങളും പിരിമുറുക്കങ്ങളും തിരിച്ചറിയാന്‍ ഇത് ഏറ്റവും അനിവാര്യമാണ്. ബാലാവകാശ കമ്മീഷന് ചെയര്‍മാനായി കുറഞ്ഞത് 10 വര്‍ഷമെങ്കിലും അധ്യാപന പരിചയമുള്ള വ്യക്തിയെ നിയമിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
മുന്‍കാലങ്ങളില്‍ സ്കൂള്‍ കുട്ടികളുടെ ബാഗ് പരിശോധനയും ക്ലാസ് മുറികളിൽ കാമറാ സംവിധാനവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതും നിലച്ചിരിക്കുകയാണ്.
ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ പ്രധാന താവളം
കോട്ടയം: കഞ്ചാവ് കടത്താനും സൂക്ഷിക്കാനുമായി മാത്രം ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ ജില്ലയിലുണ്ടെന്ന് പോലീസ്. ട്രെയിന്‍ വഴിയാണ് പ്രധാന കടത്ത്. ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പ്രത്യേക ലഹരിക്കടത്ത് സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
കഞ്ചാവ് കൃഷി വ്യാപകമായ ജാര്‍ഖണ്ഡ്, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഉപഭോക്താക്കളിലേറെയും അന്യസംസ്ഥാനക്കാരാണ്. തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയില്ലാത്തതാണ് സംഘം മുതലെടുക്കുന്നത്. നാട്ടില്‍ നിസാര വിലയ്ക്കു കിട്ടുന്ന കഞ്ചാവാണ് ഇവിടെയെത്തിച്ച് ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുന്നത്. ഒരു മാസം കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന്റെ പലമടങ്ങ് പണം സമ്പാദിക്കാമെന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
കഞ്ചാവ് വളര്‍ത്തലില്‍ ഏര്‍പ്പെട്ടവരുമുണ്ട്. എന്നാല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരിയുമായി പിടിയിലാകുന്ന ഇതരസംസ്ഥാനക്കാര്‍ കുറവാണ്. ഹോട്ടല്‍, കെട്ടിനിര്‍മാണ മേഖലയില്‍ ജോലിതേടി വന്നവരാണ് കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണികള്‍. പിടികൂടിയാലും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷ വശമില്ലാത്തതിനാല്‍ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേക്കു പോകുകയാണ് പതിവ്. 19 പേരാണ് ഈ വര്‍ഷം കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇതരസംസ്ഥാനക്കാര്‍.