പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡില്‍ പുതിയ പാലം നിര്‍മാണം പൂര്‍ത്തീകരിച്ചു
1533649
Sunday, March 16, 2025 11:50 PM IST
പൂവരണി: മീനച്ചില്‍ പഞ്ചായത്തിലെ പൂവരണി അമ്പലം-ഹെല്‍ത്ത് റോഡിന്റെ പൈകത്തോട്ടിലുള്ള പാലംപണി പൂര്‍ത്തിയായി. കേന്ദ്ര പദ്ധതിയായ പിഎംജിഎസ്വൈയില്‍ ജോസ് കെ. മാണി എംപിയുടെ ശിപാര്‍ശ പ്രകാരം ഉള്‍പ്പെടുത്തി 2018ല്‍ ആരംഭിച്ച റോഡ് നിര്‍മാണം ഏറ്റെടുത്ത കോണ്ട്രാക്ടര് പാതിവഴിയില്‍ മുടക്കിയിരുന്നു. പണി ഉപേക്ഷിച്ച കോണ്‍ട്രാക്ടറെ നീക്കം ചെയ്ത് സര്‍ക്കാര്‍ പുതിയ ഭരണാനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പാലം പണി പൂര്‍ത്തീകരിക്കാനായത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നാട്ടുകാര്‍ നേരിട്ട ദുര്‍ഘട യാത്രയ്ക്ക് പരിഹാരമാകുമെന്നും ഏപ്രിലിനു മുന്‍പേ എല്ലാവിധ പണികളും പൂര്‍ത്തിയാക്കി റോഡ് തുറന്നു കൊടുക്കാനാകുമെന്നും മീനച്ചില്‍ പഞ്ചായത്തംഗം സാജോ പൂവത്താനി പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരപരിധിയില്‍ സ്ഥലം ലഭ്യമായിടങ്ങളിലെല്ലാം തന്നെ എട്ടു മീറ്റര്‍ വീതിയിലാണ് റോഡിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുള്ളത്. ജോസ് കെ. മാണി എംപിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചിരുന്നത്.