കാഞ്ഞിരപ്പള്ളി രൂപതയിൽ മാർ പവ്വത്തിൽ അനുസ്മരണം
1533615
Sunday, March 16, 2025 10:36 PM IST
കാഞ്ഞിരപ്പള്ളി: രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ പള്ളികളിലും വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രാവിലെ 6.40ന് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഒപ്പീസ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളിൽ മാർ പവ്വത്തിലിന്റെ സംഭാവനകൾ നിസ്തുലമാണ്. സഭാത്മക ദർശനം നൽകി കാഞ്ഞിരപ്പള്ളി രൂപതയെ വളർത്തുന്നതിന് അടിസ്ഥാനമിട്ട പ്രഥമ മെത്രാൻ മാർ പവ്വത്തിലിനെ അനുസ്മരിച്ചുള്ള വിശുദ്ധ കുർബാനയിലും ഒപ്പീസിലും വിശ്വാസിസമൂഹം പങ്കു ചേരണമെന്നും രൂപതയിലെ എല്ലാ ഭവനങ്ങളിലെയും സന്യാസാശ്രമങ്ങളിലെയും പ്രാർഥനാശുശ്രൂഷകളിൽ മാർ പവ്വത്തിലിനെ പ്രത്യേകം അനുസ്മരിക്കണമെന്നും രൂപതാകേന്ദ്രത്തിൽനിന്ന് അറിയിച്ചു.