കാവുംകണ്ടത്ത് ഗ്രോട്ടോ തകര്‍ത്ത സംഭവം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം
1533274
Sunday, March 16, 2025 2:26 AM IST
കാവുംകണ്ടം: സെന്റ് മരിയ ഗൊരേത്തി പള്ളിയിലെ മാതാവിന്റെ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായി. നാലു നാള് പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവസ്ഥലം സന്ദർശനം നടത്തി അന്വേഷണം ഊർജിതമാക്കിയിട്ടും പ്രതികളെ പിടിക്കാൻ സാധിച്ചിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗ്രോട്ടോയ്ക്കു നേരേ നടന്ന ആക്രമണം ജനം അറിയുന്നത്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത കാവുംകണ്ടം പള്ളി ഗ്രോട്ടോ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി സന്ദര്‍ശിച്ചു. പള്ളി വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാലിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ശക്തമാക്കുമെന്ന് എംപി പറഞ്ഞു. പി.സി. ജോര്‍ജ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രോട്ടോ തകര്‍ത്ത സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കടനാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫൊറോന പ്രസിഡന്റ് ബിനു വള്ളോംപുരയിടത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എം. ജേക്കബ്, രൂപത സെക്രട്ടറി ജോസ് ജോസഫ് മലയില്‍, ഫൊറോന സെക്രട്ടറി അഡ്വ. അല്ഫോന്സ്ദാസ് മുണ്ടയ്ക്കല്‍, അഭിലാഷ് കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികളെ അറസ്റ്റു ചെയ്യാന്‍ കാലതാമസം വരുത്തിയാല്‍ സമരപരിപാടികളിലേക്കു നീങ്ങുമെന്ന് യുഡിഎഫ് കടനാട് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നൽകി. ചെയര്മാന് ബിന്നി ചോക്കാട്ട് അധ്യക്ഷത വഹിച്ചു. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കടനാട് യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രോട്ടോ തകര്‍ത്ത സംഭവത്തില്‍ ഡിസിഎംഎസ് യൂണിറ്റ് പ്രതിഷേധിച്ചു. വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാൽ അധ്യക്ഷത വഹിച്ചു.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി 18നു വൈകുന്നേരം അഞ്ചിന് കൊല്ലപ്പള്ളിയില്‍ പ്രതിഷേധയോഗം ചേരും. പി.സി. ജോര്‍ജ്, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ന്യൂനപക്ഷമോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയംഗം സുമിത് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.