നഗര സൗന്ദര്യവത്കരണം: ചങ്ങനാശേരിയില്‍ ഏപ്രില്‍ 10നു തുടങ്ങും
1533249
Saturday, March 15, 2025 7:24 AM IST
ചങ്ങനാശേരി: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നടത്തുന്ന നഗരസൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയില്‍ ആലോചനായോഗം ചേര്‍ന്നു. ചങ്ങനാശേരി നഗരസഭയില്‍ ഏപ്രില്‍ 10ന് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
ഓരോ വാര്‍ഡിലും വിളംബര ജാഥയോടെയായിരിക്കും തുടക്കം. നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രധാന പാതയോരങ്ങള്‍, നഗരസഭയിലേക്കുള്ള പ്രവേശന കവാടങ്ങള്‍, റൗണ്ടാനകള്‍ എന്നിവ ആദ്യഘട്ടത്തില്‍ സൗന്ദര്യവത്കരിക്കും. ഈ സ്ഥലങ്ങളിലെ പാതകളുടെ ഇരുവശത്തും ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിക്കും. വ്യാപാര സ്ഥാപനമുടമകളുടെയും വിവിധ ക്ലബ്ബുകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തിൽ പൊതുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും.
ഓട്ടോറിക്ഷാ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവരുടെയും സഹകരണത്തോടെയാകും ചെടികള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. നഗരസഭയിലെ 37 വാര്‍ഡുകളിലും അതത് നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മേയ് അവസാനത്തോടെ പൂര്‍ത്തിയാകും. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് കണ്‍വീനറായ സമിതി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പദ്ധതി, നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, നഗരസഭാംഗങ്ങളായ രാജു ചാക്കോ, എത്സമ്മ ജോബ്, ഗീതാ അജി, ഇ.എസ്. നിസാര്‍, ബാബു തോമസ്, അരുണ്‍ മോഹന്‍, ബീനാ ജോബി, കുഞ്ഞുമോള്‍ സാബു, സ്മിത സുനില്‍, ലിസി വര്‍ഗീസ്, ആശ ശിവകുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, മാലിന്യമുക്ത നവകേരളം കോ -ഓര്‍ഡിനേറ്റര്‍ ടി.പി. ശ്രീശങ്കര്‍, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.