വികസനത്തിന് വിലങ്ങുതടി എല്‍ഡിഎഫ്: മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ്
1532994
Saturday, March 15, 2025 12:02 AM IST
മൂന്നിലവ്: കടവുപുഴ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എൽഡിഎഫും ബിജെപിയും നടത്തുന്നതു ഗിമ്മിക്കുകളാണെന്നും ഇപ്പോൾ എംഎല്‍എക്കെതിരേ നിലപാട് സ്വീകരിക്കുന്നവർ ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള തരംതാണ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്കും മുന്‍ പ്രസിഡന്റ് പി.എല്‍. ജോസഫും പറഞ്ഞു. മൂന്നിലവിന്റെ വികസനത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നത് എല്‍ഡിഎഫും കേരള കോണ്‍ഗ്രസ്-എമ്മുമാണ്. ഭരണത്തിലിരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്ന ജാള്യത മറയ്ക്കുവാനാണ് പ്രസ്താവനകളുമായി രംഗത്തുവന്നിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
എംഎല്‍എ തന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 4.30 കോടിക്കു ഭരണാനുമതി നല്‍കാതിരുന്നത് എൽഡിഎഫ് സര്‍ക്കാരാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ എല്ലാ ബജറ്റുകളിലും തുക വകയിരുത്തുന്നതിന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുള്ളതും ഉപധനാഭ്യര്‍ഥനകളില്‍ കടവുപുഴ പാലത്തിന്റെ കാര്യം പ്രത്യേകം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നിരിക്കേ കേരള കോണ്‍ഗ്രസ്-എം പച്ചക്കള്ളമാണ് പറയുന്നത്.
സര്‍ക്കാരിനു ചെയ്യണമെന്നു വച്ചാല്‍ 100 രൂപ ടോക്കൺ പ്രൊവിഷനുള്ള വേല ചെയ്യാൻ കഴിയുമെന്നിരിക്കേ ഇതിനെതിരേ മുഖം തിരിച്ചു നില്‍ക്കുന്നത് പ്രദേശവാസികളോടുള്ള വഞ്ചനയാണ്. യാഥാര്‍ഥ്യം ഇതായിരിക്കേ എല്‍ഡിഎഫും ബിജെപിയും സഹോദരങ്ങളെപ്പോലെ എംഎല്‍എയേയും പഞ്ചായത്ത് ഭരണസമിതിയേയും കുറ്റപ്പെടുത്തുന്നത് ആത്മഹത്യാപരമാണെന്നും പ്രസിഡന്റ് പറഞ്ഞു.