തലയാഴം പഞ്ചായത്ത് വോളിബോൾ ടൂർണമെന്റ്: ഉല്ലല വോളിബോൾ അക്കാദമിക്ക് ഒന്നാം സ്ഥാനം
1515390
Tuesday, February 18, 2025 4:49 AM IST
തലയാഴം: തലയാഴം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തലയാഴം മാടപ്പള്ളിയിൽ പ്രത്യേകം തയാറാക്കിയ സിന്തറ്റിക് ട്രാക്കിൽ നടന്ന ഓൾ കേരള വോളിബോൾ ടൂർണമെന്റ് ശ്രദ്ധേയമായി. നാല് വനിതാ ടീമുകളും എട്ട് പുരുഷ ടീമുകളും മത്സരത്തിൽ പങ്കെടുത്തു.ഫൈനൽ മത്സരത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് രമേഷ്പി. ദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻ ഇന്ത്യൻ ടീം വോളിബോൾ ക്യാപ്റ്റൻ എസ്.എ. മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി,പഞ്ചായത്ത് അംഗങ്ങളായ ടി.മധു, കൊച്ചുറാണിബേബി, കെ.ബിനിമോൻ, സിനിസലി,എസ്. ദേവരാജൻ, ഷീജാ ബൈജു,ഷീജ ഹരിദാസ്, കൊതവറ പള്ളി വികാരി ഫാ. ഷിജോ കോൻപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ എന്നിവർ സംബന്ധിച്ചു.
യോഗത്തിൽ മുൻ വോളിബോൾ താരങ്ങളെ ആദരിച്ചു. ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉല്ലല വോളിബോൾ അക്കാദമിക്ക് ടി. കെ. സേവ്യർ തുണ്ടപറമ്പിൽ മെമ്മോറിയൽ ട്രോഫിയും പഞ്ചായത്ത് നൽകുന്ന 25000 രൂപ കാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ അരുവിത്തറ സെൻന്റ് ജോർജ് കോളജ് ടീമിന് പി. ഷൺമുഖൻ ചുമപ്പാട്ട് മെമ്മോറിയൽ ട്രോഫിയും പഞ്ചായത്ത് നൽകുന്ന 15,000 രൂപ കാഷ് അവാർഡും പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസും സെക്രട്ടറി പി. അജയകുമാറും ചേർന്ന് നൽകി.