വാഹനാപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്
1515183
Monday, February 17, 2025 11:53 PM IST
പാലാ: മുന്നില്‍ പോയ കാറിന്റെ പിന്നിലിടിച്ചു നിയന്ത്രണംവിട്ട കാര്‍ എതിരേ വന്ന കാറിലിടിച്ചുണ്ടായ അപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. എതിരേ വന്ന കാറോടിച്ചിരുന്നയാളുടെ കൈകാലുകള്‍ ഒടിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മൂന്നു കാറുകളും തകര്‍ന്നു. വാഹനങ്ങളില്‍ അപകട സുരക്ഷാ സംവിധാനം പ്രവര്‍ത്തന സജ്ജമായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
അപകടത്തില്‍ പരിക്കു പറ്റിയ തിരുവനന്തപുരം അയിരൂര്‍പാറ സ്വാഗതില്‍ വര്‍ണ ബി. നായര്‍ (29), മകള്‍ ഇനിക (രണ്ട്) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയിലും എതിരേ വന്ന കാര്‍ ഓടിച്ചിരുന്ന കുമ്പാനി പള്ളത്തുശേരില്‍ ജോമോനെ (32) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലാ-പൊന്‍കുന്നം റോഡില്‍ കടയം വളവില്‍ ഇന്നലെ വൈകുന്നേരം 5.10നായിരുന്നു അപകടം. തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരും കുഞ്ഞും സഞ്ചരിച്ച പൊന്‍കുന്നം ഭാഗത്തേക്ക് പോയ ഫോര്‍ച്യൂണര്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. വർണയുടെ ഭർത്താവ് കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട് രാജിഭവനില്‍ എം.ആര്. സുജിത്ത് പരിക്കില്ലാതെ രക്ഷപ്പെട്ടു. റിട്ട. വില്ലേജ് ഓഫീസര്‍ കടയം കല്ലുപുരയ്ക്കകത്ത് അജിത്ത്കുമാറിന്റെ കാറിന്റെ പിന്നിലിടിച്ച ഫോര്‍ച്യൂണര്‍ നിയന്ത്രണം വിട്ട് എതിരേവന്ന ജോമോന്റെ മഹീന്ദ്ര എസ്യുവി കാറില്‍ ഇടിക്കുകയായിരുന്നു.
ഇരു കാറുകളും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ അജിത്ത് കുമാറിന്റെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ച നിലയിലാണ്. അപകടമുണ്ടായ ഉടന്‍ പാലാ പോലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.