കിളികൾക്കു ജീവജലം: കിളിപ്പാത്രം വിതരണം ചെയ്തു
1515180
Monday, February 17, 2025 11:53 PM IST
വാഴൂർ: ശ്രീമൻ നാരായൺ മിഷന്റെ ഭാഗമായി ഉള്ളായം യുപിഎസിലും എസ്എഎൽപിഎസ് ഉള്ളായത്തിലും കിളികൾക്ക് ദാഹജലം നൽകുന്നതിന് മൺപാത്രങ്ങൾ വിതരണം ചെയ്തു. സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യാപകനും വൃക്ഷവൈദ്യനുമായ കെ. ബിനുവിന് ആദ്യ കിളിപ്പാത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ 38 ശതമാനം ചൂട് അനുഭവപ്പെടുന്ന ഘട്ടത്തിലാണ് പറവകൾക്ക് ദാഹജലം നൽകുന്നതിനുവേണ്ടി ഇരു സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും കിളിപ്പാത്രം വിതരണം ചെയ്തത്. കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനുവേണ്ടി സുഗതകുമാരി ടീച്ചർ പരിസ്ഥിതി പുരസ്കാരം നേടിയ ശ്രീമൻ നാരായണന്റെ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ദേഹം രണ്ടു ലക്ഷം കിളിപ്പാത്രങ്ങളുടെ സൗജന്യ വിതരണമാണ് ലക്ഷ്യ മിടുന്നത്. കോട്ടയം ജില്ലയിൽ പക്ഷിപാത്രങ്ങളുടെ വിതരണം വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കെ.ജി. നിഷാമോൾ, പി.കെ. ബിജു, സ്കൂൾ ലീഡർ ആരാധ്യ പ്രവീൺ, നിധീഷ് മാന്തുരുത്തി എന്നിവർ പങ്കെടുത്തു. സ്കൂൾ പരിസരത്തും കിളിപ്പാത്രങ്ങളിൽ വെള്ളം നിറച്ച് ഒരുക്കി വച്ചു. ജില്ലാതല പരിപാടിയാണ് സംഘടിപ്പിച്ചത്.