യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
1515145
Monday, February 17, 2025 11:52 PM IST
ഗാന്ധിനഗര്‍: കോട്ടയം ഗവ. നഴ്സിംഗ് കോളജിലെ അതിക്രൂര റാഗിംഗില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ നഴ്സിംഗ് കോളജ് മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കോളജിനുള്ളിലേക്ക് ഇരച്ചുകയറാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് കോളജ് കവാടത്തിനു സമീപത്തായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എസ്എഫ്ഐക്കും പിണറായി സര്‍ക്കാരിനുമെതിരേ മുദ്രാവാക്യം വിളികളോടെ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നെത്തിയ പ്രവര്‍ത്തകര്‍ കോളജ് കവാടത്തിനു സമീപത്തെ ബാരിക്കേഡ് തകര്‍ത്ത് കോളജിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. രമേശ് ചെന്നിത്തല എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സംഘര്‍ഷത്തിലേക്ക് നീങ്ങി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരീ ശങ്കര്‍, ജോര്‍ജ് പയസ്, അനൂപ് അബൂബക്കര്‍, കെ.കെ. കൃഷ്ണകുമാര്‍, റിച്ചി സാം ലൂക്കോസ്, രതീഷ് തോട്ടപ്പടി, അരുണ്‍ ഫിലിപ്പ്, ബിനീഷ് ബെന്നി, പ്രിന്‍സ് പാമ്പാടി, ഡെന്നീസ് ജോസഫ്, വിഷ്ണു വിജയന്, അഖില്‍ വാകത്താനം, രാഷ്മോന്‍ മാത്യു, ബിന്റോ ജോസഫ്, നിജു കുറിച്ചി, ഷാന്‍ ടി. ജോണ്‍, അര്ജുന് രമേശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
റാഗിംഗില്‍ ഉള്‍പ്പെട്ട പ്രതികളെ കോളജില്‍നിന്നു പുറത്താക്കുക, പ്രതികളെയും മാനേജ്മെന്റിനെയും സംരക്ഷിക്കുന്ന മന്ത്രി വി.എന്‍. വാസവന്റെ നടപടിയില്‍ പ്രതിഷേധിക്കുക, നാളുകളായി കുറ്റക്കാരെ സംരക്ഷിച്ച കോളജ് അധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഉദ്ഘാടനത്തിനുശേഷം രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും പോയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തിപ്പെടുത്തി.
ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കമ്പും കല്ലും പോലീസിനു നേരേ എറിഞ്ഞു. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് പിജി ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ മുറ്റത്തുകൂടി നഴ്സിംഗ് കോളജിന്റെ ഗേറ്റ് വരെയെത്തി കോളജിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. പോലീസ് ഓടിയെത്തി തടഞ്ഞത് നേരിയ സംഘര്ഷലെത്തി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം. ഗൗരീ ശങ്കര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഡിസിസി ഭാരവാഹികള്‍ ജി. ഗോപകുമാര്‍, ചിന്തു കുര്യന്, ആനന്ദ് പഞ്ഞിക്കാരന്‍, ജോണി ജോസഫ്, ജോബിന് ജേക്കബ്, നീണ്ടൂര്‍ മുരളി, ജെയ്ജി പാലക്കലോടി, റെജി എം. ഫിലിപ്പോസ്, കുഞ്ഞ് പുതുശേരി, ടോം കോര, ഭാരവാഹികളായ ജോര്‍ജ് പയസ്, നിബു ഷൗക്കത്ത്, കെ.കെ. കൃഷ്ണകുമാര്‍, അനൂപ് അബൂബക്കര്‍, റിച്ചി സാം ലൂക്കോസ്, ബിനീഷ് ബെന്നി, വിഷ്ണു വിജയന്, അനു നാട്ടകം, അബു താഹിര്‍, അര്ജുന്, ഷാന്‍, ജിബിന്‍, ഡെന്നിസ്, ആല്ബിന്, റെമിന്‍, ബിന്റോ എന്നിവര്‍ നേതൃത്വം നല്കി.
ജുഡീഷൽ
അന്വേഷണം വേണം: ചെന്നിത്തല
അതിഭീകരമായ റാഗിംഗില്‍ പോലീസ് അന്വേഷണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കുകയില്ലെന്നും കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും എസ്എഫ്ഐ ഗുണ്ടകളായ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു.
എസ്എഫ്ഐക്കാര്‍ റാഗിംഗ് സംഭവത്തില്‍ ഇല്ലായെന്നാണ് കോട്ടയത്തെ മന്ത്രിയുടെ നേതൃത്വത്തില്‍ പറയുന്നത്. ഇതു പ്രതികളെ സംരക്ഷിക്കാനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രിൻസിപ്പലിനെയും
അസി. വാർഡനെയും പ്രതി ചേർക്കണം:
ചാണ്ടി ഉമ്മൻ
നാലു മാസമായി നഴ്സിംഗ് കോളജില്‍ നടക്കുന്ന ക്രൂരമായ റാഗിംഗ് കോളജ് പ്രിന്‍സിപ്പലും അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ കോളജ് പ്രിന്‍സിപ്പലിനെയും അസി. വാര്‍ഡന്റെയും ചുമതലയുള്ളയാള്ക്കെതിരേയും കേസെടുക്കണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.