പനക്കച്ചിറ പാലത്തിന്റെ നവീകരണം ആരംഭിച്ചു
1515140
Monday, February 17, 2025 10:41 PM IST
മുണ്ടക്കയം: മുണ്ടക്കയം-കോരുത്തോട് റോഡിലുള്ള പനക്കച്ചിറ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10.8 ലക്ഷത്തോളം രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. സംസ്ഥാന ബ്രിഡ്ജസ് വിഭാഗമാണ് പാലത്തിന്റെ നവീകരണം നടത്തുന്നത്.
പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തുന്നതോടെപ്പം അടിവശം കോൺക്രീറ്റ് ചെയ്യുന്ന ജോലികളും പൂർത്തിയായിവരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലെയും റോഡിന്റെ കോൺക്രീറ്റിംഗും കൂടാതെ കൈവരികളുടെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാകാനുണ്ട്. ഇതോടൊപ്പം പാലത്തിന്റെ വശങ്ങളിൽ ക്രാഷ് ബാരിയറുകളും സിഗ്നൽ ബോർഡുകളും സ്ഥാപിച്ചു.
പാലത്തിന്റെ തൂണിന്റെ കൽക്കെട്ട് തകർന്ന് അപകടാവസ്ഥയിലായ വാർത്ത കഴിഞ്ഞമാസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ശബരിമല സീസണിൽ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങളുടെ അഭാവത്തിൽ ഈ ഭാഗത്ത് അപകടങ്ങളും പതിവായിരുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്തോടെ ഇവിടെ അപകടങ്ങളും കുറയുമെന്നാണ് പ്രതീക്ഷ.