കേരളത്തില്‍ ചക്ക ബോര്‍ഡ് അനുവദിക്കണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1515134
Monday, February 17, 2025 6:48 AM IST
കോട്ടയം: കേന്ദ്ര ബജറ്റിന് ബീഹാറിന് മഖാന ബോര്‍ഡ് അനുവദിച്ചതു പോലെ കേരളത്തില്‍ ചക്കയുടെ ഉത്പാദനത്തിനും സംസ്കരണത്തിനുമായി ചക്ക ബോര്‍ഡ് അനുവദിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ വകുപ്പ് മന്ത്രി ദക്ഷിണേന്ത്യയില്‍നിന്നു വരുന്നതുകൊണ്ട് ചക്കയുടെ ഔഷധ ഗുണങ്ങളും പോഷകമൂല്യവും നന്നായി അറിയാമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും സഹായിക്കുന്നത് അടക്കം ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചക്കയുടെ ഉത്പാദനത്തിനും സംസ്കരണത്തിനുമായി പ്രത്യേക ചക്ക ബോര്‍ഡും 100 കോടി രൂപയും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കിലോ റബറിന് 300 രൂപ ഉറപ്പാക്കാന്‍ പ്രത്യക ഫണ്ട് അനുവദിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ഇറക്കുമതി നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോടിക്കണക്കിനു രൂപ ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രയോജനം റബര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കാന്‍ തക്കവണ്ണം പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.