മാരാമണ്‍ കണ്വന്ഷന് സമാപിച്ചു ; ശിഷ്യത്വത്തിന്റെ പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നു നല്‍കണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
1514818
Sunday, February 16, 2025 11:53 PM IST
മാരാമണ്‍: ശിഷ്യത്വത്തിന്റെ പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നു നല്കുകയെന്നതു ക്രൈസ്തവ ധര്‍മമാണെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുസ്നേഹം ലോകത്തിനു പകര്‍ന്നു നല്‍കുകയെന്നത് വിശ്വാസികളുടെ പ്രാഥമികമായ കടമ. ഇതിനായി ഭവനങ്ങളില്‍ രൂപാന്തരം ഉണ്ടാകണം. ബന്ധങ്ങള്‍ ദൃഢമാകണം. നൈര്മല്യത്തില് ജീവിക്കാന്‍ തലമുറയെ പഠിപ്പിക്കണം. കുടുംബങ്ങളില്‍ പരസ്പരമുള്ള സംസാരങ്ങളും ഒന്നിച്ചുള്ള ഭക്ഷണവും ഉണ്ടാകണം. ഇതിലൂടെ മാത്രമേ തലമുറയെ നേര്‍വഴിക്കു നയിക്കാനാകൂ.
ലോകത്തിന് അനുരൂപപ്പെടാതെ മനസു പുതുക്കി രൂപാന്തരപ്പെടുകയും അനുതാപത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നത് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നു. കുടുംബബന്ധങ്ങളിലുണ്ടായ പാളിച്ചകളാണ് പല സാമൂഹിക വിപത്തുകള്‍ക്കും കാരണമാകുന്നത്. നഴ്സിംഗ് കോളജിലെ റാഗിംഗ് പോലെയുള്ള സംഭവങ്ങള്‍ക്കു കാരണവും കുടുംബങ്ങളിലുണ്ടായ ശൈഥില്യമാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
സമാപയോഗത്തില് മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. രാജ്കുമാര് രാംചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, മുന്‍ എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി തുടങ്ങിയവര്‍ സമാപന യോഗത്തില്‍ പങ്കെടുത്തു.