കൊല്ലം-തേനി ദേശീയപാത നാലുവരിയിലേക്ക്
1513542
Thursday, February 13, 2025 12:02 AM IST
കോട്ടയം: കൊല്ലം-തേനി ദേശീയപാത(എന്‍എച്ച് 183) യ്ക്ക് ഇനി പുതിയ മുഖം. 24 മീറ്റര്‍ വീതിയില്‍ റോഡും മീഡിയനുള്പ്പെടെ നാലു വരി പാതയും മറ്റ് സംവിധാനങ്ങളുമായി 3100 കോടി നിര്‍മാണ ചെലവു വരുന്ന പുതിയ പാതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉടന്‍ ലഭിക്കും.
ഒന്നാം ഘട്ടമായി കൊല്ലം കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെ 62 കിമീ ദൂരത്തിന് 150 കോടി രൂപയും മൂന്നാം റീച്ചായ കോട്ടയം- പൊന്‍കുന്നം 31 കി.മീ. പാതയ്ക്ക് 750 കോടി രൂപയും മുണ്ടക്കയം മുതല്‍ കുമളി വരെ 55 കി.മീ. റീച്ചിന് 1000 കോടി രൂപയുമാണ് ചെലവഴിക്കുക.
ഒന്നാം ഘട്ടം പണികള്‍ക്ക് 75 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. ദേശീയപാതയുടെ അലൈന്‍മെന്റിന് കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. കോട്ടയം-കുമളി സെക്ടര്‍ സ്ഥലം ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം ആരംഭിക്കും. ഈ പദ്ധതി നടപ്പാകും മുന്‍പ് കോട്ടയം മുതല്‍ കുമളി വരെ റോഡ് വിപുലീകരണത്തിന് മറ്റൊരു പദ്ധതി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കോട്ടയം മുതല്‍ വാഴൂര്‍ ചെങ്കല്‍ വരെ ടാറിംഗ് വീതി കൂട്ടി നിര്‍മാണം നടന്നുവരികയാണ്.