പാതിവില തട്ടിപ്പ്: ജില്ലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
1513541
Thursday, February 13, 2025 12:02 AM IST
കോട്ടയം: പാതിവില തട്ടിപ്പ് കേസില്‍ കോട്ടയം ജില്ലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ ഫയലും പൂര്‍ണവിവരങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ സംഘത്തിനു ലഭിച്ചിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫയലുകള്‍ ലഭിച്ചശേഷം വിശദമായി പരിശോധിച്ചു മൊഴിയെടുക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കും. തുടര്‍ന്നു പരാതിക്കാരുടെ മൊഴിരേഖപ്പെടുത്തിയാണ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നത്. മുഖ്യപ്രതി അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക. പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കാനും സാധ്യതയുണ്ട്. പണം വാങ്ങാനിടയായ സാഹചര്യം ഇവര്‍ പോലീസിന് മുന്നില്‍ വ്യക്തമാക്കേണ്ടിവരും. ഇതുകൂടാതെ പകുതി വിലയില്‍ സ്കൂട്ടറും ലാപ്ടോപ്പും രാസവളവും തയ്യല്‍ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കേണ്ടതായുണ്ട്. ജില്ലയില്‍ നിരവധിപ്പേര്‍ക്കു പകുതി വിലയില്‍ സാധനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും.
കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നവരെ കൈമാറ്റമോ വില്പനയോ പാടില്ലെന്ന് വ്യവസ്ഥയിലാകും ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ മടക്കി നല്‍കുന്നതെന്നാണ് സൂചന.
അന്വേഷണം നീണ്ടുപോകുന്നതിനാല്‍ കുറ്റപത്രം തയാറാക്കാനും സമയമെടുത്തേക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ സാജന് സേവ്യര്‍, ടി. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്
118 കേസുകള്‍
കോട്ടയം: പാതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവാഴ്ച വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 118 കേസുകള്‍. കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 30 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.
എരുമേലി 22, മുണ്ടക്കയം 18, പൊന്‍കുന്നം 10, ഈരാറ്റുപേട്ട ഒന്‍പത്, പാലാ ആറ്, കുറവിലങ്ങാട് നാല്, കറുകച്ചാല്‍ മൂന്ന് കേസുകളും തയോലപ്പറമ്പ്, വൈക്കം, പള്ളിക്കത്തോട്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ വീതവും കോട്ടയം വെസ്റ്റ്, ചങ്ങനാശേരി, മണിമല, മേലുകാവ്, പാമ്പാടി, രാമപുരം എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.