കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്ടിന് അതിരൂപതയുടെ അനുമോദനം
1508387
Saturday, January 25, 2025 7:01 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്ടിനെ വത്തിക്കാനിലെ മതസൗഹാര്‍ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായി നിയമിക്കപ്പെട്ടതില്‍ അതിരൂപതയുടെ അഭിനന്ദനങ്ങള്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അറിയിച്ചു. വിവിധ മതപാരമ്പര്യങ്ങളുമായി ഇടപഴകി കഴിയുന്ന ചങ്ങനാശേരി അതിരൂപതാംഗമെന്ന നിലയില്‍ അദ്ദേഹത്തിന് തന്റെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ഗനിര്‍ദേശത്തിലും തനിക്കു മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്‍ദ പാതയിലും ആശ്രയിച്ചുകൊണ്ട് എല്ലാവരുടെയും പ്രാര്‍ഥനകളുടെ പിന്തുണയോടെ താന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ കൂവക്കാട് പ്രതികരിച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ബഹുസാംസ്കാരികവും ബഹുമതപരവുമായ സമൂഹത്തിലാണ് താന്‍ ജനിച്ചത്. അതിനാല്‍ മതാന്തര സംവാദങ്ങള്‍ ഇന്ത്യന്‍ ആത്മീയതയുടെ ഭാഗമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികള്‍ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ സംഘടിപ്പിക്കുന്ന തന്റെ ഉത്തരവാദിത്വങ്ങളും കര്‍ദിനാള്‍ തുടരും.