മരിയസദനത്തിനു തേങ്ങലായി സിസ്റ്റര്‍ ലിയോബയുടെ വിയോഗം
1485573
Monday, December 9, 2024 5:45 AM IST
പാലാ: മരിയസദനത്തിന്റെ ബാല്യകാലങ്ങളില്‍ കൈപിടിച്ച് നടത്തിയ സിസ്റ്റര്‍ ലിയോബ എഫ്സിസിയുടെ വിയോഗം മരിയസദനത്തിനും മറ്റു നിരവധി ആശ്രയകേന്ദ്രങ്ങള്ക്കും തേങ്ങലായി. വിഷമഘട്ടങ്ങളില്‍ നിരാലംബർക്ക് സഹായമെത്തിക്കാന്‍ സിസ്റ്റര്‍ മുന്‍പന്തിയിലായിരുന്നു.
സുപരിചിതമല്ലായിരുന്ന മരിയസദനത്തെ ആളുകള്‍ക്ക് പരിചയപ്പെടുത്തിയതും പാലായിലെ കലാലയങ്ങളുമായി മരിയസദനത്തെ ഇഴചേര്‍ക്കുവാന്‍ കാരണക്കാരിയായതും അക്കാലത്ത് അല്‍ഫോന്‍സാ കോളജ് പ്രഫസറും വൈസ് പ്രിന്‍സിപ്പലുമായിരുന്ന സിസ്റ്റര്‍ ലിയോബയായിരുന്നു.
വെറും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ടുള്ള മേല്‍ക്കൂരകള്‍ മാത്രം ഉണ്ടായിരുന്ന മരിയസദനത്തിന് അല്‍ഫോന്‍സാ ബ്ലോക്ക് എന്ന പേരില്‍ കോണ്‍ക്രീറ്റ് ബില്‍ഡിംഗ് നിര്‍മിച്ചു നല്‍കിയത് ലിയോബ സിസ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് കോളജ് ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന റിമി ടോമിയും മധു ബാലകൃഷ്ണനും ചേര്‍ന്ന് നടത്തിയ ഗാനമേളയിലൂടെയാണ് സിസ്റ്റര്‍ അതിനായി പണം കണ്ടെത്തിയത്.
പാലാ അല്‍ഫോന്‍സാ കോളജില്‍ മരിയസദനത്തിന് ആദ്യമായി ഗാനമേള അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചത് സിസ്റ്ററിന്റെ സഹായത്തോടെയായിരുന്നു. പിന്നീട് റിതംസ് ഓഫ് മൈന്‍ഡ് എന്ന ഈ ഗാനമേള ട്രൂപ്പ് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടുകയും ചെയ്തു.