സാധനങ്ങളും സേവനങ്ങളും ഒരു കുടക്കീഴില് : പോക്കറ്റ് മാര്‍ട്ട് - ദ കുടുംബശ്രീ സ്റ്റോര്‍
1485546
Monday, December 9, 2024 5:22 AM IST
കോട്ടയം: ജില്ലയില്‍ കുടുംബശ്രീയുടെ ഇ-കൊമേഴ്സ് പദ്ധതിയായ പോക്കറ്റ് മാര്‍ട്ട് - ദ കുടുംബശ്രീ സ്റ്റോര്‍ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും ഇ-കൊമേഴ്സ് ആപ്ലിക്കേഷനിലൂടെ വിപണിയിലെത്തിക്കുന്നതാണ് പോക്കറ്റ് മാര്‍ട്ട് - ദ കുടുംബശ്രീ സ്റ്റോര്‍ എന്നു പേരിട്ടിരിക്കുന്നത്.
സംരംഭകര്‍ക്ക് ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ അനന്തസാധ്യത തുറന്നുകൊടുത്തു വ്യാപാര മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുകയാണു പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
മൊബൈല്‍ ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഇ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്കു കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചറിയാം.
കുടുംബശ്രീ സംരംഭങ്ങള്‍ എവിടെയാണെന്നും സ്ഥിതി ചെയ്യുന്നതെന്നും ബന്ധപ്പെടുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ഇത്തരത്തില്‍ പോക്കറ്റ് മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള കുടുംബശ്രീ സംരംഭങ്ങള്‍, ബസാര്‍, ഔട്ട്ലെറ്റുകള്, നാനോ മാര്‍ക്കറ്റ്, പ്രീമിയം ഹോട്ടലുകള്‍, കഫേകള്‍, ജനകീയ ഹോട്ടലുകള്‍, ടേക്ക് എ ബ്രേക്ക്, കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്, ബഡ്സ് സ്കൂളുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
കേരളത്തിലെ എല്ലായിടത്തുമുള്ള ഉത്പന്നങ്ങള്‍ ആപ്പില്‍ കാണാനും ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാനും പണമടയ്ക്കാനുമുള്ള സൗകര്യമുണ്ട്. ആദ്യഘട്ടത്തില്‍ 750 സംരംഭങ്ങള്‍, കുടുംബശ്രീ ക്വിക്ക് സെര്‍വ് സേവനങ്ങള്‍ എന്നിവ പോക്കറ്റ്മാര്‍ട്ട് ആപ്പിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ഉപയോക്താവിന്റെ പരിസരത്തെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള യൂണിറ്റുകളിലെ ഉത്പന്നങ്ങളാണ് ആപ്പില്‍ ദൃശ്യമാകുന്നത്. പോക്കറ്റ് മാര്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് സംരംഭകരുമായി വാട്സാപ്പ് ചാറ്റ്, കോള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.
ഇതിനു പുറമെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വീസ് സെക്ടറില്‍ ആരംഭിച്ച ക്വിക്ക് സെര്‍വ്, നഗരപ്രദേശങ്ങളിലെ താമസക്കാര്‍ക്കുള്ള വീട്ടുജോലി, പ്ലംബിംഗ്, ഇലക്ട്രീഷ്യന്, കാര്‍ ക്ലീനിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.
കുടുംബശ്രീയുടെ ഭക്ഷണ വിതരണ പദ്ധതിയായ ലഞ്ച് ബെല്ലിലൂടെ ഉച്ചയൂണ് മുന്‍കൂറായി പോക്കറ്റ്മാര്‍ട്ട് ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ചുറ്റളവിലുള്ള കുടുംബശ്രീ സംരംഭങ്ങളെ കണ്ടെത്താനും ഉത്പന്ന സേവനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും സാധിക്കും.
ജില്ലയില്‍നിന്നും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളില്‍ ലേബലുകള്‍ പതിപ്പിച്ചു വിവരങ്ങളും രേഖപ്പെടുത്തി ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവ പൂര്‍ത്തിയാക്കി മാത്രമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. ഇത്തരം ജോലികള്‍ തെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണു പൂര്‍ത്തിയാക്കുന്നത്. പൊതുജനങ്ങള്‍ക്കു നിലവില്‍ ആപ്ലിക്കേഷന്‍ കാണാന്‍ സാധിക്കില്ല.
ക്ലിക്കായി ഹോം ഷോപ്പ് പദ്ധതി
കുടുംബശ്രീ അംഗങ്ങള്‍ക്കു സുസ്ഥിര വരുമാനം ലക്ഷ്യമിട്ടു കെ ലിഫ്റ്റിന്റെ ഭാഗമായി (കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്സ്ഫോര്മേഷന്) ആരംഭിച്ചതാണ് ഹോം ഷോപ്പ്. ഡയറക്റ്റ് മാര്‍ക്കറ്റിംഗ് രീതിയില്‍ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്കുന്ന സംവിധാനമാണ് ഹോം ഷോപ്പ്.
കാഞ്ഞിരപ്പള്ളി, പള്ളം, വൈക്കം, പാമ്പാടി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നീ ബ്ലോക്കുകളിലാണ് ഹോം ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു ബ്ലോക്കുകളില്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
40 ഹോം ഷോപ്പുകളാണ് നിലവിലുള്ളത്. അതാത് സിഡിഎസുകളിലെ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ നേതൃത്വത്തിലാണ് മാനേജ്മെന്റ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലുടെ നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിച്ചിരിക്കുന്നത്.