ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗിന് നീണ്ട ക്യൂ
1485314
Sunday, December 8, 2024 5:23 AM IST
എരുമേലി: ദിവസവും 2500 പേർക്ക് ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് നടത്താൻ സൗകര്യം അനുവദിച്ചിട്ടുള്ള എരുമേലി വലിയമ്പലത്തിൽ എത്തുന്നത് ഇരട്ടിയിലേറെ ഭക്തർ. പലരും മണിക്കൂറുകളോളം ക്യൂ നിന്നതിന് ശേഷം മടങ്ങിപ്പോകേണ്ട സ്ഥിതിയായതോടെ അമർഷവും പ്രതിഷേധവും. ഇതോടെ സ്പോട്ട് ബുക്കിംഗ് പരിധി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി.
ബുക്കിംഗിന് വേണ്ടി ക്യൂ നീളുന്നത് മൂലം ക്ഷേത്രത്തിൽ തിക്കും തിരക്കുമായി ഭക്തർ ബുദ്ധിമുട്ടുകയാണ്. പേട്ടതുള്ളൽ അവസാനിപ്പിക്കുന്നത് ക്ഷേത്രത്തിൽ എത്തിയാണ്. പേട്ടതുള്ളൽ നടത്തി നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തുമ്പോൾ സ്പോട്ട് ബുക്കിംഗ് ക്യൂ നീളുന്നത് ക്ഷേത്ര ദർശനത്തിന് തടസമായി മാറുകയാണ്.
ഇന്നലെ വൈകുന്നേരമുണ്ടായ തിരക്കിൽ അയ്യപ്പ ഭക്തർ വലഞ്ഞു. നിലവില് രണ്ടു പേരാണ് ബുക്കിംഗ് ചെയ്യാനുള്ള കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. ഇവർ ദിവസവും 2500 പേരുടെ ബുക്കിംഗ് നടത്താൻ പ്രയാസപ്പെടുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ തിരക്ക് കുറയ്ക്കാൻ കഴിയും.
ഇന്നലെ വൈകുന്നേരം വീണ്ടും മഴ ശക്തമായതോടെ ശബരിമല പരമ്പരാഗത കാനനപാത അടയ്ക്കുമോയെന്ന് ആശങ്കയുയർന്നു. ശക്തമായ മഴയെ തുടർന്ന് അടച്ച കാനനപാത കഴിഞ്ഞ ദിവസമാണ് തുറന്നത്. വീണ്ടും മഴ തുടർന്നാൽ പാത അടച്ചിടേണ്ടി വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ നിരവധി ഭക്തർ ആണ് എരുമേലി വഴി നടന്ന് കാനനപാതയിൽ സഞ്ചരിച്ചത്.
തീർഥാടക വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു
എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്നലെ രാവിലെ 11ന് എരുമേലി - മുക്കൂട്ടുതറ ശബരിമല പാതയിൽ ചെമ്പകപ്പാറ ഭാഗത്താണ് സംഭവം. അപകടത്തിൽ തീർഥാടകർക്ക് നിസാര പരിക്കേറ്റു.
ഇവരെ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ സംഘവും പോലീസും ചേർന്ന് ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡ്രൈവർ ഉറങ്ങിയത് മൂലം വാഹനത്തിന്റെ നിയന്ത്രണം തെറ്റി അപകടം സംഭവിച്ചതാണെന്ന് തീർഥാടകർ പറഞ്ഞു.