അതിരമ്പുഴ പള്ളിയിൽ കൂറ്റൻ നക്ഷത്രമൊരുക്കി യുവജനങ്ങൾ
1484123
Tuesday, December 3, 2024 7:20 AM IST
അതിരമ്പുഴ: ക്രിസ്മസിനെ വരവേൽക്കാൻ 50 അടി ഉയരമുള്ള ഭീമൻ നക്ഷത്രമൊരുക്കി യുവജനങ്ങൾ. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലാണ് 50 അടി ഉയരം വരുന്ന ക്രിസ്മസ് നക്ഷത്രം നിർമിച്ചത്.
നക്ഷത്രനിർമാണം രണ്ടാഴ്ചയോളം നീണ്ടു. സ്റ്റീൽ കമ്പിയിൽ ഫ്രെയിം നിർമിച്ച് തുണിചുറ്റിയാണ് നക്ഷത്രം തയാറാക്കിയത്. 28 ട്യൂബ് ലൈറ്റുകളാണ് നക്ഷത്രത്തിനു വെളിച്ചമേകുന്നത്. 1200 കിലോയോളം ഭാരമുണ്ട് ഭീമൻ നക്ഷത്രത്തിന്.
എല്ലാ വർഷവും യുവദീപ്തി-എസ്എംവൈഎം പ്രവർത്തകരാണ് നക്ഷത്രമൊരുക്കാറുള്ളത്. ഇതുവരെ 30 അടിവരെ ഉയരമുള്ള നക്ഷത്രമാണ് നിർമിച്ചിരുന്നത്. അതിരമ്പുഴ പള്ളിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഉയരമുള്ള ക്രിസ്മസ് നക്ഷത്രം തയാറാക്കുന്നത്.ദേവാലയത്തിന് പിന്നിൽ മണിഗോപുരത്തോടു ചേർത്തു സ്ഥാപിച്ചിരിക്കുന്ന നക്ഷത്രത്തിന്റെ സ്വിച്ച്ഓൺ കർമം വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു.
യുവദീപ്തി- എസ്എംവൈഎം അതിരമ്പുഴ സെൻട്രൽ യൂണിറ്റ് ഡയറക്ടർ ഫാ. നവീൻ മാമൂട്ടിൽ, പ്രസിഡന്റ് ആൽഫിൻ സെബാസ്റ്റ്യൻ കെ. ജോസ്, ഭാരവാഹികളായ അലീന സിബി, റൊണാൾഡ് ജസ്റ്റിൻ, അലക്സ് റോയ്, ജോസിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ച് യുവജനങ്ങൾ ചേർന്നാണ് നക്ഷത്രം നിർമിച്ചത്.