ഉറക്കത്തില്‍ ശബ്ദം കേട്ടു, കട്ടിലിനുതാഴെ ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍
1484120
Tuesday, December 3, 2024 7:20 AM IST
തുരുത്തി: ഉറക്കത്തില്‍ ശബ്ദംകേട്ടു. കണ്ണുതുറന്നു ലൈറ്റു തെളിച്ചു നോക്കിയപ്പോള്‍ കട്ടിലിനുതാഴെ ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍. അമ്മയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. തുരുത്തി കറുകശേരില്‍ സാഗരികയും (38), മകന് സാഗറുമാണ് (10) പാമ്പില്‍നിന്നും രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 2.30നു ഇവരുടെ വീടിന്റെ മുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്.
ഉറക്കത്തിനിടയില്‍ കട്ടിലില്‍ എന്തോ വസ്തു മുട്ടുന്നത് പോലെയും ചീറ്റുന്ന ശബ്ദവും കേട്ട് നോക്കിയപ്പോഴാണ് തറയില്‍ ഫണം വിടര്‍ത്തി നില്ക്കുന്ന പാമ്പിനെ സാഗരിക കണ്ടത്. സാഗരിക ഉടനെ മകനുമായി പുറത്തേക്കിറങ്ങി ഓടി. വിവരം അറിയച്ചതിനെത്തുടര്‍ന്ന് പാമ്പ് പിടിത്തക്കാരനായ വാഴപ്പള്ളി കുറ്റിശേരിക്കടവ് സ്വദേശി ഷിനോ എത്തിയാണ് മുറിക്കുള്ളില്‍നിന്നു പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനം വകുപ്പിനു കൈമാറി. ഏഴടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്.