ജൈവകൃഷി പ്രചാരണത്തിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ട് മക്കൻ
1484114
Tuesday, December 3, 2024 7:20 AM IST
വൈക്കം: ശരീരം പാതി തളർന്ന് വാക്കറിന്റെ സഹായത്തോടെ നടക്കേണ്ടി വന്നിട്ടും മണ്ണിനോടും കൃഷിയോടുമുള്ള അടങ്ങാത്ത അഭിനിവേശത്താൽ ജൈവകൃഷി പ്രചാരണത്തിൽ രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ് വൈക്കം തലയാഴം കൂവം പുളിക്കാശേരിയിൽ മക്കൻചെല്ലപ്പൻ. ഏതാനും വർഷം മുമ്പ് തന്റെ ഗുരുകൃപ ഹോർട്ടികൾച്ചറൽ നഴ്സറിയിൽ പച്ചക്കറിത്തൈകൾ നനയ്ക്കുന്നതിനിടയിൽ തെന്നി വീണതോടെയാണ് ചെല്ലപ്പന്റെ ശരീരത്തിന്റെ പാതി ചലനശേഷി നഷ്ടമായത്. ഇപ്പോൾ ഒരു കാലിന്റെ പിൻബലത്തിലാണ് എഴുന്നേറ്റ് നിൽക്കുന്നത്.
ശരീരം ബലഹീനമാണെങ്കിലും മണ്ണിനെയും കൃഷിയെയും നെഞ്ചിലേറ്റി അതിൽനിന്നു ലഭിക്കുന്ന ഊർജത്തിലാണ് 66-ാം വയസിലും മുന്നോട്ടുപോകുന്നതെന്ന് മക്കൻ ചെല്ലപ്പൻ പറയുന്നു.
വിഷമയമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാൻ വീട്ടുവളപ്പിൽ പച്ചക്കറിക്കൃഷി ഓരോ കുടുംബങ്ങളിലും നടത്തിയിരുന്ന കാലം കേരളത്തിൽ തിരിച്ചു കൊണ്ടുവരണമെന്നതാണ് മക്കൻ ചെല്ലപ്പന്റെ ആഗ്രഹം. അസുഖങ്ങളുടെ പ്രധാന കാരണം വിഷമയമായ ഭക്ഷണമാണ്. വീടുകളിൽതന്നെ കുടുംബത്തിന് ആവശ്യമായ പച്ചക്കറി ജൈവരീതിയിൽ ഉത്പാദിപ്പിച്ചാൽ കുടുംബത്തിനാകെ അത് ഏറെ സന്തോഷവും സംതൃപ്തിയും നൽകുമെന്നാണ് മക്കന്റെ അഭിപ്രായം.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൈവ പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കാനായി കുടുംബശ്രീ വനിതകൾക്കും സ്വാശ്രയ സംഘങ്ങൾക്കും കാർഷികാഭിമുഖ്യമുള്ള വ്യക്തികൾക്കും മുന്തിയ ഇനം പച്ചക്കറിത്തൈകൾ ഉത്പാദിപ്പിച്ചു മിതമായ നിരക്കിൽ രണ്ടു പതിറ്റാണ്ടായി എത്തിച്ചു നൽകി വരികയാണ് ഇദ്ദേഹം. പച്ചക്കറിത്തൈ നൽകുന്നതുകൊണ്ട് തീരുന്നില്ല മക്കൻസിന്റെ സേവനം. കൃഷി മെച്ചപ്പെടുത്താനും കീടശല്യം കുറയ്ക്കാനുമൊക്കെ നിർദേശങ്ങളും സഹായങ്ങളും നൽകും. കർഷകർക്ക് സർക്കാർ ഒരു പച്ചക്കറിത്തൈക്ക് മൂന്നു രൂപ വിലയിടുമ്പോൾ മക്കൻസ്പഞ്ചായത്തുകൾക്കും കൃഷിഭവനുകൾക്കും രണ്ടു രൂപയ്ക്ക് തൈകൾ നൽകുന്നു.
വൈക്കത്തെ തരിശുരഹിതമാക്കാനായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നിറവ് പദ്ധതിക്കായി ഗുണമേന്മയേറിയ പച്ചക്കറിത്തൈകൾ നൽകുന്നത് മക്കൻ ചെല്ലപ്പനാണ്. വൈക്കത്തെ ഉദയനാപുരം, ടിവി പുരം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും തഴച്ചുവളരുന്നത് ഇദ്ദേഹം നൽകിയ പച്ചക്കറിത്തൈകളാണ്.
പച്ചക്കറി തൈകൾക്ക് പുറമെ വൈക്കത്ത് പൂവുകൃഷി വ്യാപിപ്പിക്കാനായി ബന്തി പൂച്ചെടി നൽകുന്നതും മക്കൻ ചെല്ലപ്പനാണ്. വൈക്കത്തെ രണ്ടു സ്കൂളുകളിൽ പച്ചകറിക്കൃഷിയും പൂവുകൃഷിയും വിജയകരമായി നടത്തിയതിനു പിന്നിലും മക്കൻ ചെല്ലപ്പന്റെ പ്രതിബദ്ധതയോടെയുള്ള ഇടപെടലുണ്ട്. വഴുതന, തക്കാളി, പയർ, വെണ്ട,പടവലം, പീച്ചിൽ, പച്ചമുളക് തുടങ്ങിയവയുടെ തൈകളാണ് വിവിധ പഞ്ചായത്തുകളിലും സ്കൂളുകളിലും വിതരണം ചെയ്തത്. ജൈവ പച്ചക്കറി കൃഷിയും പൂവുകൃഷിയും പ്രോത്സാഹിപ്പിക്കാനായി വൈക്കത്തെ പോലീസ് സ്റ്റേഷനിലും വിവിധ സ്കൂളുകളിലും മാതൃകാ കൃഷിത്തോട്ടങ്ങൾ ഒരുക്കി മക്കൻസ് ജൈവ പച്ചക്കറി കൃഷി ജനകീയമാക്കിയിരുന്നു. ചേർത്തലയിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജനമൈത്രി പോലീസുമായി സഹകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറിത്തൈകൾ മക്കൻ ചെല്ലപ്പൻ സൗജന്യമായി നൽകിയിരുന്നു.
മക്കൻ ചെല്ലപ്പന്റെ കാർഷികാഭിമുഖ്യവും അർപ്പണ മനോഭാവും ജൈവ പച്ചക്കറി വ്യാപനത്തിനായി നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്ത് വൈക്കം, ചങ്ങനാശേരി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകൾ, വെച്ചൂർ, തലയാഴം, ഉദയനാപുരം, പള്ളിപ്പുറം തുടങ്ങിയ പഞ്ചായത്തുകൾ, വൈക്കം നഗരസഭ കൃഷിഭവനുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പുരസ്കാരം നൽകിയിട്ടുണ്ട്.