വി.ഐ. അജി എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1484090
Tuesday, December 3, 2024 6:57 AM IST
എരുമേലി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎം അംഗം വി.ഐ. അജി വിജയിച്ചു. അജി 12 വോട്ടും കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര അംഗം ഇ.ജെ. ബിനോയി പത്ത് വോട്ടും നേടി.
കോൺഗ്രസ് അംഗങ്ങളിൽ പൊരിയന്മല വാർഡ് അംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലിസി സജിയുടെ വോട്ട് അസാധുവായി. ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള കോളത്തിൽ ഗുണന ചിഹ്നം നൽകിയതിനൊപ്പം സ്വന്തം പേര് എഴുതിയതാണ് വോട്ട് അസാധുവായതെന്ന് വരണാധികാരി അറിയിച്ചു.
ശ്രീനിപുരം വാർഡ് മെംബറായ വി.ഐ. അജി സിപിഎം എരുമേലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ്. തെരഞ്ഞെടുപ്പിന് വരണാധികാരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷമീർ വി. മുഹമ്മദ്, ബിഡിഒ എസ്. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഉൾപ്പെടെ നേടി ഭരണത്തിലായിരുന്ന കോൺഗ്രസ് മുന്നണിയിൽ നിന്നും കഴിഞ്ഞയിടെയാണ് പ്രസിഡന്റ് സ്ഥാനം അട്ടിമറിയിലൂടെ ഇടതുപക്ഷത്തിനായത്. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ജിജിമോൾ സജി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് അംഗം മറിയാമ്മ സണ്ണി ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു.
11 അംഗങ്ങൾ ഉണ്ടായിരുന്ന ഇടതുപക്ഷത്ത് മറിയാമ്മ സണ്ണി കൂടി ചേർന്നതോടെ അംഗബലം 12 ആയി വർധിച്ചു. കോൺഗ്രസ് പിന്തുണയിൽ വൈസ് പ്രസിഡന്റായിരുന്ന തുമരംപാറ വാർഡ് അംഗം ഇ.ജെ. ബിനോയിയെ ഇക്കഴിഞ്ഞ 14ന് ഇടതുപക്ഷം അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.