ചങ്ങനാശേരി അതിരൂപത മാതൃ-പിതൃവേദി കലോത്സവം ഒന്പതിന്
1467273
Thursday, November 7, 2024 7:18 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃ-പിതൃവേദി കലോത്സവം ഒന്പതിന് ചങ്ങനാശേരി എസ്ബി സ്കൂളിൽ നടക്കും. 18 ഫൊറോനകളിൽനിന്നായി ആയിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. ഫൊറോനാ തല മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയവരാണ് അതിരൂപത കലോത്സവത്തിൽ മാറ്റുരയ്ക്കുക.
കഴിഞ്ഞ ഓഗസ്റ്റ് 25ന് 18 ഫൊറോനകളിൽ നടന്ന രചനാ മത്സരത്തോടെയാണ് കലോത്സവത്തിന് തുടക്കംകുറിച്ചത്. മാതാപിതാക്കൾക്കായി കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന, ബൈബിൾ ക്വിസ്, പ്രസംഗം, സംഗീതം, സംഘഗാനം, മാർഗംകളി, കോലടി, നാടകം തുടങ്ങിയവയിൽ ആറു വേദികളിലായാണ് മത്സരം. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.
മാതൃ-പിതൃ വേദി അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, അതിരൂപത പ്രസിഡന്റുമാരായ ജിനോദ് ഏബ്രഹാം, ബീന ജോസഫ്, സെക്രട്ടറിമാർ, അതിരൂപത ആനിമേഷൻ ടീമംഗങ്ങൾ, ഫൊറോന പ്രസിഡന്റുമാർ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകും.