കാനനപാതയില്‍ ആനയും പന്നിയും തീര്‍ഥാടകര്‍ക്ക് വനംവകുപ്പ് സുരക്ഷയൊരുക്കും
1467178
Thursday, November 7, 2024 5:35 AM IST
കോട്ടയം: ശബരിമല കാനനപാതയിലെ തീര്‍ഥാടകര്‍ക്ക് വന്യമൃഗങ്ങള്‍ ഭീഷണിയാകുമോ എന്ന് ആശങ്ക. കാട്ടുപന്നിയും കുരങ്ങും കാട്ടാനയും പാമ്പും കാനനപാതയില്‍ വ്യാപകമാണ്. കാനനപാതയിലൂടെ തീർഥാടകരുടെ യാത്ര തുടങ്ങിയാല്‍ പൊന്തന്‍പുഴ, പമ്പ, അഴുത വനങ്ങളില്‍ നിന്ന് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവാണ്. ശബരിമല തീര്‍ഥാടകര്‍ അടുത്തയാഴ്ച എത്തിത്തുടങ്ങുന്ന സാഹചര്യത്തില്‍ പമ്പയിലും സന്നിധാനത്തും വനംവകുപ്പ് കണ്ട്രോള് റൂമുകള്‍ തുറക്കും.
യാത്ര സുരക്ഷിതമാക്കാന്‍ കാനനപാതയില്‍നിന്ന് 90 കാട്ടുപന്നികളെ കഴിഞ്ഞദിവസം ഉള്‍വനം കയറ്റിവിട്ടെങ്കിലും കാനനപാത സുരക്ഷിതമല്ല. തീര്‍ഥാടനകാലം അവസാനിക്കുംവരെ 48 അംഗ എലിഫെന്റ് സ്ക്വാഡും അഞ്ചംഗ പാമ്പുപിടിത്ത ടീമും കാനനപാതയില്‍ നിലയുറപ്പിക്കും.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി 135 കേന്ദ്രങ്ങളിലായി 1500 പേരെ വിന്യസിക്കാനും തീരുമാനമായി. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനും വന്യമൃഗ ആക്രമണം ചെറുക്കാനും നൂറംഗ ഗാര്‍ഡുകളുമുണ്ടാകും. വൈദ്യസഹായം, കുടിവെള്ളം, വന്യജീവി നിരീക്ഷണം തുടങ്ങിയവ അപ്പപ്പോള്‍ അറിയിക്കാന്‍ അയ്യന് മൊബൈല്‍ ആപ് തയാറാക്കിയിട്ടുണ്ട്. കാനനപാതയില്‍ മൃഗനീക്കം അറിയാനായി കാമറകള്‍ സ്ഥാപിക്കും.
കാളകെട്ടി, അഴുത, കരിമല വഴിയുള്ള എരുമേലി പമ്പ കാനന പാതയ്ക്ക് 30.7 കിലോമീറ്റര്‍ ദൂരമുണ്ട്. കുത്തനെയുള്ള കഠിനമായ കയറ്റങ്ങളാണ് കൂടുതലും.
കാനനപാതയിലൂടെയുള്ള തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നതിനാല്‍ രാവും പകലും സുരക്ഷയൊരുക്കാനും വിശ്രമസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് തീരുമാനം.
അഴുത മുതല്‍ ചെറിയാനവട്ടം വരെയുള്ള ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലാണ്. അഴുതക്കടവ്, കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, വള്ളിത്തോട്, പുതുശേരി, കരിമല ചെറിയാനവട്ടം, വലിയാനവട്ടം എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ ഒരുക്കും.
തീര്‍ഥാടകര്‍ക്ക് രാത്രി വിരിവച്ചു വിശ്രമിക്കാനുള്ള സൗകര്യം, ഭക്ഷണം, ശുചിമുറി എന്നിവയുണ്ടാകും.