നിവരുമോ ഒറ്റക്കപ്പിലുമാവിലെ കൊടുംവളവ്
1467010
Wednesday, November 6, 2024 6:35 AM IST
കോട്ടയം: കാരിത്താസ്-അമ്മഞ്ചേരി റോഡിലെ ഒറ്റക്കപ്പിലുമാവിലെ കൊടുംവളവ് നിവര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. കാരിത്താസ് റെയില്‍വേ മേല്‍പാലം യാഥാര്ഥ്യമായതോടെയാണു കാരിത്താസ് അമ്മഞ്ചേരി-മെഡിക്കല്‍ കോളജ് റോഡിലുടെ വലിയതോതില്‍ വാഹനഗതാഗതം വര്‍ധിച്ചത്.
പാലാ, എറണാകുളം ഭാഗങ്ങളില്‍നിന്നും വരുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗാന്ധിനഗറില്‍ എത്താതെ നാലു കിലോമീറ്റര്‍ ദൂരക്കുറവില്‍ കുട്ടികളുടെ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളജിലേക്കും എത്തുന്നതിനു കാരിത്താസ്-അമ്മഞ്ചേരി റോഡില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. ഈ റോഡില്‍ ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്ന ഒറ്റക്കപ്പിലുമാവ് കൊടുംവളവില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നാലു റോഡുകള്‍ സംഗമിക്കുന്ന അമ്മഞ്ചേരി കവലയിലും അപകടസാധ്യത കൂടുതലാണ്. ഇവിടെയും റോഡിനു വീതി തീരെക്കുറവാണ്.
ഒറ്റക്കപ്പിലുമാവിലെ വളവ് നിവര്‍ത്തണമെന്നും വീതി കുറഞ്ഞ അമ്മഞ്ചേരി കവലയില്‍ ബെല്‍ മൗത്ത് ഓപ്പണിംഗ് കൊടുക്കണമെന്നുമാവശ്യപ്പട്ട് തെള്ളകം മുണ്ടകപ്പാടം ഗ്രാമവികസന സമിതി പ്രസിഡന്റ് പ്രഫ. ജോസ് വില്ലിംഗ്ടണ്‍,
സെക്രട്ടറി തോംസണ്‍ ടി. കുറിച്ചിയാനി, വൈസ് പ്രസിഡന്റ് കെ.ആര്. ശിവന് എന്നിവുടെ നേതൃത്വത്തില്‍ മന്ത്രി വി.എന്‍. വാസവനു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നു മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.