ഡ്രോണ്‍ ആപ്ലിക്കേഷനുകളില്‍ പരിശീലനം
1461057
Monday, October 14, 2024 11:50 PM IST
കോട്ടയം: കാര്‍ഷികമേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ആപ്ലിക്കേഷനുകളില്‍ പരിശീലനം നല്‍കുന്നതിനായി സംസ്ഥാനതല ശില്പശാല ഇന്നു രാവിലെ 10 മുതല്‍ കോട്ടയം എംജി സര്‍വകലാശാലയില്‍ നടക്കും.
കുടുംബശ്രീ മിഷനും സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസും സംയുക്തമായി നടത്തുന്ന ശില്പശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്യും. ശില്പശാലയില് ഡ്രോണിന്റെ വിവിധ പ്രവര്‍ത്തന രീതികളും അറ്റകുറ്റപ്പണികള്‍, കേടുപാടുകള്‍ പരിഹരിക്കല്‍ എന്നിവയുടെ അവബോധനവും ഫീല്‍ഡ്തല പ്രവര്‍ത്തനപ്രദര്‍ശനവും സംഘടിപ്പിക്കും.
വിത്തു വിതയ്ക്കാനും വളം തളിക്കാനും വിളകളുടെ വളര്‍ച്ച നിരീക്ഷിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കാനാകും. വലിയ തോതില്‍ സമയം ലാഭിക്കുന്നതിനും ശാരീരിക അധ്വാനം കുറയ്ക്കാനും ഡ്രോണ്‍ സാങ്കേതികവിദ്യസഹായിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ നമോ ദീദി ഡ്രോണ്‍ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത 49 കുടുംബശ്രീ കര്‍ഷകര്‍ക്ക് ഡ്രോണ്‍ പറത്തുന്നതില്‍ പരിശീലനവും ലൈസന്‍സും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 400 അടി ഉയരത്തില്‍ വരെ പറത്താന്‍ കഴിയുന്ന 10 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡ്രോണും നല്കി. ഇവര്‍ക്കു തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ നാലുദിവസത്തെ പരിശീലനവും സംഘടിപ്പിച്ചിരുന്നു. ശില്പശാലയില് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡ്രോണ്‍ ദീദിമാരും യന്ത്രവത്കൃത
പരിശീലന ടീമംഗങ്ങളും ഉള്‍പ്പെടെ 100 പേര് പങ്കെടുക്കും. സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. മഹേഷ് മോഹന്‍ അധ്യക്ഷത വഹിക്കും.