സഞ്ചാരികൾ ഒഴുകിയെത്തി : തിരക്കിലമർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ
1460859
Monday, October 14, 2024 3:13 AM IST
കോട്ടയം: അവധിദിനങ്ങള്‍ ആളുകള്‍ ആഘോഷമാക്കിയതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക്. കാലാവസ്ഥ അനുകൂലമായതോടെ കുമരകം, വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളിമുതല്‍ ഇന്നലെവരെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
വാഗമണ്ണിലെയും കുമരകത്തെയും ഹോട്ടലുകളും റിസോര്‍ട്ടുകളും നേരത്തെതന്നെ സഞ്ചാരികള്‍ ബുക്ക് ചെയ്തിരുന്നു. പൂജ ഹോളിഡേ സ്പെഷല്‍ ടൂര്‍ പാക്കേജില്‍ വിദേശത്തുനിന്നും സഞ്ചാരികള്‍ എത്തിയിരുന്നു. കുമരകത്തും വേമ്പനാട്ടു കായലിലും ഹൗസ് ബോട്ടുകള്‍ എല്ലാം ബുക്കിംഗ് കഴിഞ്ഞിരുന്നു.
ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കായല്‍ യാത്ര ചെയ്യാനായി ധാരാളം പേര് എത്തിയിരുന്നു. വഞ്ചിവീടുകളില്‍ താമസിച്ചുളള പാക്കേജിനും നല്ല തിരക്കായിരുന്നു. കുമരകം, അയ്മനം, മറവന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ഉത്തരവാദിത്വ ടൂറിസം പാക്കേജുകളിലും സഞ്ചാരികളുടെ തിരക്കായിരുന്നു. കരിമീനും കായല്‍ മത്സ്യങ്ങളുടെ വിവിധ വിഭവങ്ങളുമായുള്ള നാടന്‍ ഭക്ഷണം തേടിയും ധാരാളം പേര് എത്തിയിരുന്നു.
വാഗമണ്ണിലേക്ക് സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയപ്പോള്‍ ഗതാഗതക്കുരുക്കുമുണ്ടായി. പൈന്മരക്കാട്ടിലും ചില്ലുപാലത്തിലും ഒക്കെ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ലുപാലം കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഓരോ ദിവസവും അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 5.30 വരെ സഞ്ചാരികള്‍ക്ക് ചില്ലുപാലത്തില്‍ പ്രവേശിക്കാം. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, പരുത്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട്, കുളമാവ് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളിലും കുടുംബസമേതം ചെലവഴിക്കാന്‍ ധാരാളം പേര് എത്തിയിരുന്നു. വൈക്കം കായലോര ബീച്ചിലും ഗ്രാമീണ സഞ്ചാരകേന്ദ്രങ്ങളായ മണര്‍കാട് നാലുമണിക്കാറ്റ്, കിടങ്ങൂര്‍ കാവാലിപ്പുഴ, നീണ്ടൂര്‍ പുഞ്ചവയല്‍ക്കാറ്റ്, മറവന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലും സഞ്ചാരികളുടെ തിരക്കായിരുന്നു.