പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ പൂജ വച്ചു; 13ന് പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും
1460456
Friday, October 11, 2024 5:19 AM IST
പനച്ചിക്കാട്: ദക്ഷിണ മൂകാംബിയില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജ വച്ചു. 13ന് പുലര്‍ച്ചെ നാലിന് പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഇതിനായി സരസ്വതീസന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപം ഒരുങ്ങി.
ഇന്നലെ വൈകിട്ട് അഞ്ചിന് പൂജവയ്പിനുള്ള വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നും വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തി. തുടര്‍ന്ന് സരസ്വതീസന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പൂജ വച്ചു.
വിദ്യാരംഭത്തിനായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയിട്ടുള്ളത്. പുലര്‍ച്ചെമുതല്‍ സരസ്വതീസന്നിധിയില്‍ പ്രത്യേകം തയാറാക്കിയ വിദ്യാപീഠങ്ങളില്‍ ആചാര്യന്മാരുടെ മടിയിലിരുന്ന് നൂറുകണക്കിന് കുരുന്നുകള്‍ അക്ഷരമന്ത്രം ഏറ്റുവാങ്ങി നാവില്‍ ഹരിശ്രീ കുറിക്കും.
മുതിര്‍ന്നവര്‍ക്ക് ഒരിക്കല്‍കൂടി ഹരിശ്രീ കുറിക്കാന്‍ സരസ്വതീസന്നിധിയില്‍ തയാറാക്കിയിട്ടുള്ള മണല്‍ത്തിട്ടയില്‍ സദാസമയവും തിക്കും തിരക്കുമാണ്.ദുര്‍ഗാഷ്ടമി ദിനമായ ഇന്ന് കലാമണ്ഡപത്തില്‍ രാവിലെ സഹസ്രനാമ ജപത്തോടെ കലോപാസനകള്‍ ആരംഭിക്കും. നവമി ദിനമായ 12ന് രാവിലെ 9.30 മുതല്‍ ദക്ഷിണ മൂകാംബിക സംഗീതോത്സവം -2024ന് തുടക്കം കുറിക്കും.