ഉള്ക്കാഴ്്ചയിലൂടെ നേട്ടങ്ങള്‍ കൊയ്ത് അഖിലേഷ് രാജ്
1460156
Thursday, October 10, 2024 6:25 AM IST
കറുകച്ചാല്‍: കാഴ്ചയ്ക്കപ്പുറം ഉള്ക്കാഴ്്ചയിലൂടെ ആരും കൊതിക്കുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കുകയാണ് അഖിലേഷ് രാജ്. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ കാഴ്ച പരിമിതിയെ ഉള്‍ക്കാഴ്ചയിലൂടെ അതിജീവിച്ചു പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടിയാണ് മാടപ്പള്ളി സ്വദേശിയായ ഈ പതിനാറുകാരന് മടങ്ങിയത്.
കറുകച്ചാല്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സകൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഉപകരണ സംഗീതത്തില്‍ (ഓടക്കുഴല്‍) എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിലേഷിന് മലയാളം പദ്യംചൊല്ലല്‍, ലളിതഗാനം എന്നീ ഇനങ്ങളിൽ എ ഗ്രേഡോടുകൂടി മൂന്നാംസ്ഥാനവും ലഭിച്ചു. ബ്ലൈന്‍ഡ് വിഭാഗത്തിലാണ് മത്സരിച്ചത്. കാണുന്നവര്‍ക്കെല്ലാം അഖിലേഷ് ഏറെ പരിമിതികളുള്ള ഒരാളാണ്. എന്നാല്‍ അഖിലേഷിനാകട്ടെ സാധ്യമാകാത്തത് ഒന്നുമില്ല. എഴാം ക്ലാസ് വരെ ഒളശ അന്ധവിദ്യാലയത്തിലായിരുന്നു പഠനം. തുടര്‍ന്നു 10-ാം ക്ലാസു വരെ നെടുംകുന്നം ഗവണ്മെന്റ് സ്കൂളിലും.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഖിലേഷ് പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരുപോലെ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥി കൂടിയാണ്. അസാധ്യമെന്ന് പറയുന്നതിനെയെല്ലാം സാധ്യമാക്കിയെടുക്കാനാണ് അഖിലേഷിന്റെ പരിശ്രമം. അതിനു പരിപൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്കി മാതാപിതാക്കളും അധ്യാപകരും ഒപ്പമുണ്ട്. മാടപ്പള്ളി പുതുപ്പറന്പിൽ ആര്. രാജേഷ്- അഞ്ജുമോള്‍ ദമ്പതികളുടെ മകനാണ്. സഹോദരി: ഗൗരിനന്ദ.