സെന്റ് ജോസഫ്സില്‍ സര്ഗവസന്തത്തിനു തുടക്കമായി
1460155
Thursday, October 10, 2024 6:25 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സര്‍ഗവസന്തത്തിന് തിരിതെളിഞ്ഞു. സ്കൂളിലെ 30 ക്ലാസ് ഡിവിഷനുകളിലെ വിദ്യാര്‍ഥികള്‍ ചേർന്നു തയാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. വിദ്യാര്‍ഥികളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് രണ്ടുമാസത്തെ അധ്വാനത്തിലൂടെയാണ് കയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്കൂളിലെ ചിത്രകാരികളായ നിവേദ്യ കൃഷ്ണന്, കനുഷ്ക സാനു, വൈഗ സാനു, തീര്‍ഥ ആര്., ആസ്ന, സുരയ്യ എന്നീ വിദ്യാര്‍ഥികളുടെ നൂറില്‍പ്പരം ചിത്രങ്ങളും സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു. മ്യൂറല്‍ പെയിന്റിംഗ്, ജലച്ചായം, ഫാബ്രിക് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ് തുടങ്ങി വിവിധതരം ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. മനോഹരമായ ചിത്രങ്ങള്‍ കാണികള്‍ക്ക് പുതിയ അനുഭവമായി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന് പോള്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് ആന്റണി, സിസ്റ്റര്‍ റാണി റോസ്, സിസ്റ്റര്‍ അനൂപ, സ്റ്റാഫ് സെക്രട്ടറി ലീന സെബാസ്റ്റ്യന്‍, സിജിന്‍ തോമസ്, ജിസ്ന തോമസ്, സ്കൂള്‍ ലീഡര്‍ ബ്ലസി റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.