ത്വക്രോഗ ചികിത്സ പിഴച്ചു; വ്യാജഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നല്‍കണം
1458871
Friday, October 4, 2024 5:56 AM IST
കോട്ടയം: ത്വക്രോഗ ചികിത്സയ്ക്കായി സമീപിച്ചയാള്ക്കു കൃത്യമായ ചികിത്സ നല്കുന്നതില് വീഴ്ച വരുത്തിയ ആശുപത്രിയും മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആളും നഷ്ടപരിഹാരം നല്‍കണമെന്നു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്.
കോട്ടയം സ്വദേശിയായ സാംബശിവന് നല്കിയ പരാതിയിലാണ് ചേര്‍ത്തലയിലെ ഒരു ആശുപത്രി അന്‍പതിനായിരം രൂപയും അവിടെ ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തിയ സി.ജെ. യേശുദാസ് ഒരു ലക്ഷം രൂപയും പലിശസഹിതം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടത്. 2018 ഡിസംബറിലാണ് സാംബശിവന് ത്വക്ക് രോഗത്തിനു ചികിത്സ തേടിയത്.
സി.ജെ. യേശുദാസ് നല്കിയ മരുന്നു രണ്ടുദിവസം കഴിച്ചപ്പോള്‍ ദേഹമാസകലം കടുത്ത ചൊറിച്ചിലായി. പിന്നീട് കണ്ടപ്പോഴും ഈ മരുന്നു തുടരാന്‍ നിര്‍ദേശിച്ചു. സ്ഥിതി വഷളായപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഒരു ലക്ഷം രൂപ ചെലവഴിച്ചെങ്കിലും അലര്‍ജി ഭേദമാകാതെ വന്നതോടെയാണ് പരാതിക്കാരന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
ഒരുലക്ഷം രൂപ യേശുദാസും ആശുപത്രി അധികൃതര്‍ 50,000 രൂപയും പരാതി നല്കിയ തീയതി മുതല്‍ ഒന്‍പതു ശതമാനം പലിശയോടെ നഷ്ടപരിഹാരമായി നല്കാന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോഎന്നിവര് അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു.