ഫ്രാന്‍സിസ് ജോര്‍ജ് എംപി നടത്തിയ ജനസദസ്സില്‍ ആവശ്യങ്ങളുടെ നീണ്ടപട്ടികയുമായി ജനങ്ങള്‍
1458630
Thursday, October 3, 2024 5:05 AM IST
കടുത്തുരുത്തി: കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഓള് കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ. പോള്‍ മാന്‍വെട്ടം ആവശ്യപ്പെട്ടു. 114 കിലോമീറ്റര്‍ മാത്രം ഓടുന്ന എര്‍ണാകുളം-കോട്ടയം-കായംകുളം മെമു ട്രെയിനിന് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കുക, പുതിയ മെമു ട്രെയിന്‍ കേരളത്തിന് അനുവദിക്കുക എന്നീ അവശ്യങ്ങളാണ് അദേഹം ജനസദസ്സില്‍ ഉന്നയിച്ചത്.
സ്റ്റേഷന് വെളിയില്‍ രാത്രികാലങ്ങളില്‍ വഴിവിളക്കുകളില്ലാത്തതും പലരും ചൂണ്ടിക്കാട്ടി. റെയില്‍വേ ഗേറ്റിന് സമീപമുള്ള സ്ഥലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യവും പാര്‍ക്കിങ് സംബന്ധിച്ച പ്രശ്നങ്ങളും യോഗത്തില്‍ സംസാരിച്ച പലരും ഉന്നയിച്ചു.
ജനസദസ്സ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിച്ചു. സുനു ജോര്‍ജ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജെയിംസ് പുല്ലാപ്പള്ളി, സി.എം. ജോര്‍ജ്, ലിസി ജോസ്, വ്യാപാരി വ്യവസായി ഏകോപന സമതി കുറുപ്പന്തറ യൂണീറ്റ് പ്രസിഡന്റ് ജോണ്‍ പോള്‍ തെങ്ങുംപള്ളീല്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആവശ്യങ്ങള്‍ റെയില്‍വേയെ അറിയിക്കും
കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് വികസനവും കൂടതല്‍ സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും റെയില്‍വേ അധികൃതരുമായി സംസാരിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എംപി മറുപടി നല്കി. സ്റ്റേഷന് പുറത്തെ കാടും പള്ളയും വെട്ടിതെളിച്ചു വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കും. ഏറ്റവും കൂടതല്‍ സ്ഥല സൗകര്യമുള്ള ഇവിടെ പാര്‍ക്കിംഗിനുള്ള ക്രമീകരണവും ഏര്‍പെടുത്തും. റെയില്‍വേ ഗേറ്റിലെ വെള്ളക്കെട്ട് പ്രശ്നത്തിനും വേഗത്തില്‍ ശാശ്വത പരിഹാരം കാണും.
കടുത്തുരുത്തി സ്റ്റേഷനില്‍
കടുത്തുരുത്തി സ്റ്റേഷനോട് ചേര്‍ന്നുള്ള കടുത്തുരുത്തി റെയില്‍വേ മേല്‍പാലം നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ആയാംകുടി-കടുത്തുരുത്തി റോഡിനിടയിലുള്ള വാലാച്ചിറ റെയില്‍വേ ഗേറ്റില്‍ മേല്‍പാലം നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യം കടുത്തുരുത്തി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ജനസദസ്സിലുണ്ടായി. നിലവില്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പോകുന്ന കോട്ടയം റൂട്ടിലെ മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യവും ജസദസില് പങ്കെടുത്തവര്‍ ചൂണ്ടിക്കട്ടി.
വൈക്കം റോഡില്‍ (ആപ്പാഞ്ചിറ) ജനസദസ്സ്
വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് വൈക്കം റോഡ് യൂസേഴ്സ് ഫോറം വൈക്കം റോഡ്(ആപ്പാഞ്ചിറ) സ്റ്റേഷനില്‍ നടന്ന ജനസദസ്സില്‍ ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇതരസംസ്ഥാനത്ത് നിന്നടക്കം വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം,
ആദിത്യപുരം സൂര്യദേവ ക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കോട്ടയം വരെയുള്ള ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് വൈക്കം റോഡ് സ്റ്റേഷനില്‍ ഇരുഭാഗത്തേക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും വിവിധ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടു.