എയ്ഡഡ് സ്കൂള്‍: ശമ്പള ബിൽ പാസാക്കാനുള്ള അധികാരം പ്രിന്‍സിപ്പലില്‍നിന്ന് എടുത്തുമാറ്റി
1458515
Thursday, October 3, 2024 1:55 AM IST
ധനകാര്യ വകുപ്പ് ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം
കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ശമ്പള ബില്ലുകള്‍ പാസാക്കി നല്‍കുന്നതിനുള്ള അധികാരം പ്രിന്‍സിപ്പല്‍മാരില്‍നിന്ന് എടുത്തുമാറ്റിയ ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ സ്കൂളുകളിലെപ്പോലെ എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്പാര്‍ക്ക് വഴി ശമ്പളം മാറിയെടുക്കാന്‍ കഴിയുന്ന ഉത്തരവാണ് ധനകാര്യ വകുപ്പ് റദ്ദാക്കിയിരിക്കുന്നത്.
പുതിയ ഉത്തരവുപ്രകാരം ശമ്പള ബില്‍ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. ഒക്ടോബര്‍ മാസത്തിലെ ശമ്പളം മുതല്‍ അധ്യാപകര്‍ക്കു പുതിയ വ്യവസ്ഥ പ്രകാരമായിരിക്കും ലഭിക്കുക.
പ്രിന്‍സിപ്പല്‍മാരുടെ അധികാരം എടുത്തുമാറ്റിയ ഉത്തരവ് ചൊവ്വാഴ്ച വൈകുന്നേരമാണ് പുറത്തിറങ്ങിയത്. 2013 മുതല്‍ കഴിഞ്ഞ മാസംവരെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി കൃത്യസമയത്ത് ശമ്പള ബില്ലുകള്‍ മാറിയെടുക്കാന്‍ സാധിച്ചിരുന്നു. ഇനി ഇക്കാര്യത്തില്‍ മാറ്റം വരും.
സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയതാണ്. അതിനു മുമ്പുവരെ ശമ്പളം ലഭിക്കാന്‍ നിരവധി നടപടി ക്രമങ്ങള്‍ പാലിക്കണമായിരുന്നു.
പുതിയ ഉത്തരവ് നടപ്പാക്കുന്നതിലുടെ ഒരു പതിറ്റാണ്ട് പിന്നോട്ടു പോകുന്ന നടപടിയാണ് ധനകാര്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സ്പാര്‍ക്ക് സംവിധാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളും കണ്ട്രോളിംഗ് ഓഫീസറുടെ ഡിജിറ്റൽ ഒതന്റിഫിക്കേഷനും പാലിച്ചാണു നിലവില്‍ ശമ്പളം ലഭിച്ചുകൊണ്ടിരുന്നത്.
അതിനാല്‍ ഈ സംവിധാനത്തില്‍ അപാകതകളൊന്നും കടന്നുകൂടിയിട്ടില്ലെന്ന് അധ്യാപകര്‍ അവകാശപ്പെടുന്നു. ഈ ഉത്തരവിലൂടെ പ്രിന്‍സിപ്പല്‍മാരുടെ അധികാരപരിധികളാണ് സര്‍ക്കാരും ധനകാര്യവകുപ്പും ചേര്‍ന്ന് ഇല്ലാതാക്കിയത്.
ഇത്തരത്തിലുള്ള ഉത്തരവുകള്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍, എയ്ഡഡ് തരംതിരിവു സൃഷ്ടിക്കാന്‍ ഇടയാക്കും. അതിനാല്‍ അടിയന്തരമായി ശമ്പള ബില്‍ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
എയ്ഡഡ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ആത്മാഭിമാനം സംരക്ഷിക്കണം: പിജിടിഎ
കോട്ടയം: ശമ്പള ബില്‍ തയeറാക്കുന്നതിലും, വിതരണം ചെയ്യുന്നതിലും എയ്ഡഡ് മേഖലയോട് വിവേചനം കാണിച്ചുള്ള ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് എയ്ഡഡ് സ്കൂള്‍ പ്രധാന അധ്യാപകരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതിനാല്‍ ഉടന്‍ പിന്‍വലിക്കണമെന്നു പിജിടിഎ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് ആവശ്യപ്പെട്ടു.
ശമ്പള ബില്‍ ഉത്തരവ് എയ്ഡഡ് മേഖലയെ തകര്‍ക്കും: കെപിഎസ്ടിഎ
കോട്ടയം: ശമ്പള ബില്ലുകള്‍ പാസാക്കി നല്‍കുന്നതിനുള്ള അധികാരം പ്രിന്‍സിപ്പല്‍മാരില്‍ നിന്നും മാറ്റിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്കും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും മാത്രമേ പുതിയ ഉത്തരവ് വഴിവയ്ക്കൂ.
അമിത ജോലിഭാരംമൂലം ജീവനക്കാരെയും അധ്യാപകരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ കൂടുതല്‍ ജോലിഭാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ്.
എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍നിന്നു സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും പൊതുവിദ്യാഭ്യസ മേഖലയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കെപിഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നടപടി റദ്ദാക്കണം: കെപിഎച്ച്എഫ്
കോട്ടയം: എയ്ഡഡ് പ്രൈമറി പ്രഥമ അധ്യാപകര്‍ക്കു 2013 മുതല്‍ ലഭിച്ചുകൊണ്ടിരുന്ന സെല്‍ഫ് ഡ്രോയിംഗ് പദവി ഒക്ടോബര്‍ മാസത്തിലെ ശമ്പള ബില്ലുമുതല്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്ന് കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് (കെപിഎച്ച്എഫ്) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെയായി അനുവദിച്ച അനുകൂല്യം നിര്‍ത്തലാക്കിയതു പ്രതിഷേധാര്‍ഹമാണ്.
അധ്യാപകര്‍ക്കു വിദ്യാഭ്യാസ ഓഫീസുകള്‍ കയറിയിറങ്ങാതെ ശമ്പളം ലഭിച്ചിരുന്നതും കുട്ടികള്‍ക്കു ക്ലാസില്‍ അധ്യാപകന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നതുമായ നടപടിയാണ് ഇല്ലാതാക്കിയത്.