പിഡബ്ല്യുഡി കാണാത്ത കുഴി ചങ്ങനാശേരി നഗരസഭ കണ്ടു
1454725
Friday, September 20, 2024 7:23 AM IST
ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡില്‍) ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഡിവൈഡര്‍ പൊളിച്ചുകളഞ്ഞ ഭാഗത്ത് അപകടക്കെണിയായി നിലകൊണ്ട ഗട്ടർ ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍ എന്നിവര്‍ നേരിട്ടെത്തി തൊഴിലാളികളെകൊണ്ട് കോണ്‍ക്രീറ്റിട്ട് അടച്ചു.
കാലങ്ങളായി അപകട ഭീഷണി സൃഷ്ടിച്ചിരുന്ന ഈ കുഴി ഇന്നലെ വൈകുന്നേരത്തോടെയാണ് അടച്ചത്. നഗരസഭാധികൃതരുടെ നടപടിയെ വാഹനയാത്രക്കാരും കാല്‍നടക്കാരും അഭിനന്ദിച്ചു.
എന്‍എച്ച്-183ചെങ്ങന്നൂര്‍ കോട്ടയം റീച്ചില്‍ നിര്‍മാണം നീളുന്ന റോഡിലെ കുഴികള്‍ വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു എന്ന തലക്കെട്ടില്‍ 17ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി മറിയുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുഴി അടയ്ക്കല്‍ നടപടികളുമായി ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും നേരിട്ടെത്തിയത്.