ഭക്തസാന്ദ്രമായി കുമാരനല്ലൂര്‍ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം
1454705
Friday, September 20, 2024 7:05 AM IST
കോട്ടയം: ഭക്തസാന്ദ്രമായി കുമാരനല്ലൂര്‍ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം. ഒരുനൂറ്റാണ്ടിന്റെ ഐതിഹ്യപെരുമ പേറുന്ന നാടിന്റെ ഉത്സവമായ ഊരുചുറ്റു ജലോത്സവത്തിനു ഇന്നലെ രാവിലെ 8.30നാണ് തുടക്കമായത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഭഗവതിയുടെ സിംഹവാഹനം കുമാരനല്ലൂര്‍ ആറാട്ടുകടവായ പുത്തന്‍കടവിലെത്തി.
തുടര്‍ന്നു സിംഹവാഹനവുമായി യാത്ര തിരിച്ച പള്ളിയോടം മീനച്ചിലാറിന്റെ കൈവഴികളിലൂടെ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഭക്തര്‍ സമര്‍പ്പിച്ച പറവഴിപാടുകള്‍ സ്വീകരിച്ച് നീലിമംഗലം, ചവിട്ടുവരി, സൂര്യകാലടിമന, വട്ടമൂട്, നാഗമ്പടം, ചുങ്കം, ഗേവിന്ദപുരം, തിരുവാറ്റ, കല്ലുമട, കുടമാളൂര്‍ വഴി 30 കിലോമീറ്റര്‍ പിന്നിട്ട് വൈകുന്നേരം ആറിന് ആറാട്ടുകടവില്‍ തിരിച്ചെത്തി. കരവഞ്ചിയോടെ സിംഹവാഹനം തിരികെ സമര്‍പ്പിച്ചതോടെ ജലോത്സവം സമാപിച്ചു.
കുമാരനല്ലൂര്‍, കുമാരനല്ലൂര്‍ നടുഭാഗം, കിഴക്കുഭാഗം, നട്ടാശേരി കിഴക്കു ഭാഗം, ഗാന്ധിനഗര്‍ എന്‍എസ്എസ് കരയോഗങ്ങളുടെ സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിച്ചത്. ഉത്രട്ടാതി നാളില്‍ കുമാരനല്ലൂര്‍ ഭഗവതി പള്ളിയോടത്തില്‍ ദേവഴികളിലെ ഭക്തിരെ അനുഗ്രഹിക്കുന്നതിനായി ഊരുചുറ്റുന്നു എന്നതാണ് ജലോത്സവത്തിന്റെ ഐതിഹ്യം.
ജലോത്സവത്തിനു അകമ്പടിയേകാന്‍ ഇക്കുറി 20 പേര്‍ക്ക് ഒന്നിച്ചു തുഴയാവുന്ന കുമാരനല്ലൂര്‍ ഫൈബര്‍ ചുരളന്‍ വള്ളവും കരയോഗങ്ങളുടെ നിരവധി അകമ്പടി വള്ളങ്ങളുമുണ്ടായിരുന്നു. ഭഗവതിയുടെ സിംഹവാഹനം വഹിച്ചത് കരുവാറ്റ ശ്രീവിനായക ബോട്ട് ക്ലബിന്റെ ശ്രീവിനായകന്‍ ചുണ്ടനായിരുന്നു.