കരാറുകാരന് ടെര്‍മിനേഷന്‍ നോട്ടീസ് : തൃക്കൊടിത്താനം പഞ്ചായത്തിലെ അമര കുടിവെള്ളപദ്ധതി ഇഴയുന്നു
1454444
Thursday, September 19, 2024 7:17 AM IST
ചങ്ങനാശേരി: നിര്‍മാണ ജോലികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. തൃക്കൊടിത്താനം പഞ്ചായത്തിലെ അമര കുടിവെള്ള പദ്ധതി ഇഴയുന്നു. ഈ ശുദ്ധജല പദ്ധതിയില്‍നിന്നു കുടിവെള്ളം പ്രതീക്ഷിച്ചു കഴിയുന്ന നൂറുകണക്കിന് ഉപഭോക്താക്കള്‍ ദുരിതത്തില്‍. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നനുവദിച്ച ഒരു കോടിയോളം രൂപ വാട്ടര്‍ അഥോറിറ്റിയില്‍ കെട്ടിവച്ചാണ് അമര ശുദ്ധജലപദ്ധതിക്കുള്ള ഓവര്‍ഹെഡ് ടാങ്ക് നിര്‍മാണം ആരംഭിച്ചത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുമുമ്പ് അന്നത്തെ വകുപ്പു മന്ത്രി ശിവന്‍കുട്ടിയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. നാലുവര്‍ഷംമുമ്പ് തുടക്കംകുറിച്ച ഈ ടാങ്കിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍ രണ്ടു ലക്ഷത്തോളം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഇനി പമ്പിംഗ് മെയിനിലുള്ള പൈപ്പും വിതരണ പൈപ്പുകളും സ്ഥാപിക്കാനുള്ള ജോലികളാണ് നടക്കാനുള്ളത്. കരാര്‍ ഏറ്റെടുത്ത കരാറുകാരന് നിര്‍മാണ ജോലിയില്‍ സൃഷ്ടിച്ച കാലതാമസമാണ് ഈ ശുദ്ധജല പദ്ധതി ഇഴയാന്‍ കാരണമെന്നാണ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
18 മാസംകൊണ്ട് പൂര്‍ത്തീകരിക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കുകയും കരാര്‍ കാലാവധി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് കരാറുകാരന് വാട്ടര്‍ അഥോരിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ടെര്‍മിനേഷന്‍ നോട്ടീസ് നല്കി. ഇന്നലെ കരാറുകാരന് നോട്ടീസ് കൈപ്പറ്റി. ഏഴുദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കാത്തപക്ഷം കരാര്‍ ജോലിയില്‍നിന്ന് ഒഴിവാക്കുമെന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
മൂവായിരത്തിലേറെ കുടുംബങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതി
തൃക്കൊടിത്താനം പഞ്ചായത്ത് പത്താംവാര്‍ഡില്‍ അമര പിആര്‍ഡിഎസ് കേന്ദ്രത്തിനടുത്ത് ഈ സംഘടന വിട്ടുനല്‍കിയ സ്ഥലത്താണ് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഒമ്പത്, പത്ത്, 11 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചെമ്പുംപുറം സെറ്റില്‍മെന്റ് കോളനി, അമര പിആര്‍ഡിഎസ് ആസ്ഥാനം, പിആര്‍ഡിഎസ് സ്കൂള്‍, കോളജ്, ആശാരിമുക്ക്, വെങ്കോട്ട മംഗലംപടി ഭാഗം തുടങ്ങി മൂവായിരത്തിലധികം കുടുംബങ്ങള്‍ക്കുവേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണിത്.
കല്ലിശേരി, കറ്റോട് പദ്ധതികളില്‍നിന്നുള്ള വെള്ളം ചെറുകരക്കുന്നിലെ ഓവര്‍ഹെഡ് ടാങ്കില്‍ എത്തിച്ച് തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനടുത്തുള്ള ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷനിലും അവിടെനിന്നും നിര്‍ദിഷ്ട അമര ടാങ്കിലും എത്തിച്ചു വിതരണം നടത്തുന്ന പദ്ധതിയാണിത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ടാങ്ക് ഇവിടെ നിര്‍മിച്ചെങ്കിലും ഇതില്‍ വെള്ളം എത്തിക്കാനാകാതെ കാലഹരണപ്പെടുകയും പൊളിച്ചുമാറ്റുകയും ചെയ്തിട്ടാണ് പുതിയ ടാങ്ക് നിര്‍മാണം ആരംഭിച്ചത്.
കൊറോണക്കാലം ജോലി തടസപ്പെടുത്തി
നാലുവര്‍ഷംമുമ്പാണ് എൺപതുലക്ഷം രൂപയുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. കൊറോണക്കാലവും പൈപ്പിന്റെ ലഭ്യതക്കുറവും ജോലികള്‍ തടസപ്പെടുത്തി. 15 മീറ്റര്‍ ഉയരത്തില്‍ രണ്ടു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മാണം പൂര്‍ത്തിയാക്കി.
പമ്പിംഗ് മെയിനിനുവേണ്ടി വരുന്ന 360 മീറ്റര്‍ ജിഐ പൈപ്പ് ചെറിയ അളവായതിനാല്‍ ലഭിക്കാന്‍ താമസം നേരിട്ടു. പമ്പിംഗ് മെയിനിന്റെ പ്രഷര്‍ പരിശോധനയില്‍ ലീക്കേജ് കണ്ടെത്തിയതുമൂലമുണ്ടായ തര്‍ക്കങ്ങള്‍മൂലം പരിശോധനാ ഫലം വൈകിച്ചതും പ്രശ്നമായി.
കുഞ്ഞുമാത്യു
നിര്‍മാണ കരാറുകാരന്നിര്മാണം വേഗത്തിലാക്കണം
അമര ടാങ്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികള്‍ പരിഹരിച്ച് നിര്‍മാണം വേഗത്തിലാക്കി നാട്ടുകാരുടെ ശുദ്ധജലക്ഷാമം പരിഹിക്കണം.
താഴാമ്പു അനില്‍,
മെംബർ 10-ാംവാര്‍ഡ് തൃക്കൊടിത്താനം നിര്‍മാണ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും
സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാതിരുന്ന നിര്‍മാണ കരാറുകാരനു വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കരാറുകാരനെ മാറ്റിയശേഷം പുതിയകരാറുകാരനെ നിര്‍മാണ ജോലികള്‍ ഏല്പിക്കും. താമസംകൂടാതെ നിര്‍മാണം പൂര്‍ത്തീകരിച്ച് പദ്ധതി കമ്മീഷന് ചെയ്ത് ജനങ്ങളുടെ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണും.
ജോബ് മൈക്കിള്‍ എംഎല്‍എ