രൂപവും ഭാവവും മാറ്റി കാണക്കാരി ചിറക്കുളം പദ്ധതികളെ ആവേശത്തോടെ സ്വീകരിച്ച് നാട്
1454432
Thursday, September 19, 2024 7:01 AM IST
കുറവിലങ്ങാട്: ഫണ്ടിന്റെ അപര്യാപ്തതയും പദ്ധതി നിർവഹണത്തിലെ മെല്ലെപ്പോക്കുമൊക്കെ പഴങ്കഥയാക്കി കാണക്കാരി ചിറക്കുളത്ത് പ്രതീക്ഷയുടെ കുഞ്ഞോളങ്ങൾ. കാടുപിടിച്ചുകിടന്ന ചിറക്കുളം പുതിയ രൂപത്തിലും ഭാവത്തിലുമാണിപ്പോൾ.
ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്റെ ശ്രമഫലമായി വിവിധ വികസനപദ്ധതികൾ ഒരുമിച്ച് ചിറക്കുളത്തിന് സമ്മാനിച്ചതോടെയാണ് പുത്തൻ ആവേശം നാടിനും ലഭിച്ചത്. കുട്ടികൾക്കായി പാർക്ക് , പൊതുജനങ്ങൾക്കായി ശൗചാലയസമുച്ചയം, വ്യായാമത്തിനായി ഓപ്പൺ ജിം, ഭക്ഷണം ഉറപ്പാക്കി കഫേറ്റീരിയ, രാത്രിയിലും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഹൈമാസ്റ്റ് വിളക്കുകൾ എന്നിങ്ങനെ ചിറക്കുളത്തെത്തിയ വികസനങ്ങളേറെയാണ്.
വനിത ഫിറ്റ്നസ് സെന്റർ, അങ്കണവാടി എന്നിവയും ഒരുമിച്ചതോടെ ഈ പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറിക്കഴിഞ്ഞു. വികസനപദ്ധതികളുടെ ഉദ്ഘാടനത്തെ വലിയ ആഘോഷമാക്കിയാണ് നാട് വരവേറ്റത്.
ചിൽഡ്രൻസ് പാർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. കഫേറ്റീരിയ, ശുചിത്വ സമുച്ചയം എന്നിവ മോൻസ് ജോസഫ് എംഎൽഎയും ഓപ്പൺ ജിം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരനും ഹൈമാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മിയും ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്ഥിരംസമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ,
ബൈജു ജോൺ പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കീൽ, പി.എൻ. രാമചന്ദ്രൻ, കാണക്കാരി അരവിന്ദാക്ഷൻ , വിനീത രാഗേഷ്, ആശാ ജോബി, സിൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.