കുമരകം യാത്ര ദുഷ്കരം : കരയിലൂടെയും വയ്യ; വെള്ളത്തിലൂടെയും...
1454429
Thursday, September 19, 2024 7:01 AM IST
കുമരകം: വിനോദസഞ്ചാരകേന്ദ്രമായ കുമരകം വഴിയുള്ള യാത്ര ദുഷ്കരമായി മാറി. കോണത്താറ്റ് പാലത്തിന്റെ സമീപത്തെ താല്കാലിക റാേഡിലൂടെയുള്ള ഗതാഗതനിയന്ത്രണം മൂലം റോഡുമാർഗമുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾ കാത്തു കിടന്നാലെ പാലത്തിന്റെ സമീപത്തെ റാോഡിൽക്കൂടി മറുകര എത്താനാകൂ.
പ്രവേശനപാതയ്ക്കായി പൈലിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഇന്നലെ മുതൽ വൺവേയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൈലിംഗ് നടത്തുന്നതിനു സമീപത്തുള്ള ട്രാൻസ്ഫോർമർ ഇതുവരെ മാറ്റി സ്ഥാപിക്കാത്തതാണ് ഗതാഗതക്കുരുക്ക് വർധിക്കാൻ പ്രധാന കാരണം.
സമാന്തര പാതയായി ഉപയോഗിക്കാൻ ഏറെ സാധ്യതയുള്ള ചീപ്പുങ്കൽ-മണിയാപറമ്പ് റാേഡ് സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കിൽ കുമരകത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു. റോഡു മാർഗമുള്ള യാത്ര ദുഷ്കരമായതിനാൽ ജലമാർഗം തെരഞ്ഞെടുക്കാനും സഞ്ചാരികൾക്ക് കഴിയാതായിരിക്കുകയാണ്.
ജലാശയങ്ങൾ പൂർണമായും ജർമൻ പോള കൈയടക്കിയിരിക്കുകയാണ്. ബോട്ടു മാർഗവും വള്ളത്തിലും സഞ്ചരിക്കാൻ ഉപയുക്തമായ ജലാശയങ്ങൾ ആവശ്യത്തിലേറെ ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താൻ നാട്ടുകാർക്കു കഴിയാത്ത സ്ഥിതിയാണ്. കുമരകം ബോട്ടുജെട്ടി താേടു പാേലും പോള നിറഞ്ഞുകിടക്കുകയാണ്. പോള ശല്യം രൂക്ഷമായി മാറിക്കൊണ്ടിരിക്കുമ്പാേഴും ശാശ്വത പരിഹാരം ഒന്നും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.