സ്ഥലം ഏറ്റെടുക്കല്‍ നിയമക്കുരുക്കില്‍; മരിയന്‍ ജംഗ്ഷനില്‍ ക്ഷ വരപ്പിച്ച് പാലാ ബൈപാസ്
1453905
Tuesday, September 17, 2024 11:27 PM IST
പാലാ: പാലായുടെ ഗതാഗത സ്വപ്നങ്ങള്‍ക്ക് കുതിപ്പേകി നിര്‍മിച്ച കെ.എം. മാണി ബൈപാസിന്റെ മൂന്നാംഘട്ടത്തിലെ വളവു നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ഇഴയുന്നു. അരുണാപുരം മരിയന്‍ ജംഗ്ഷനില്‍ ഒരു വീടും സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് ബൈപാസിലൂടെയുള്ള സുഗമ യാത്രയ്ക്ക് തടസമാകുന്നത്.
സ്ഥലം ഏറ്റെടുക്കലിനു കൂടുതല്‍ തുക ആവശ്യപ്പെട്ട് സ്ഥലം ഉടമ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ തീര്‍പ്പാകാത്തതാണ് നടപടികള്‍ വൈകുന്നതിനുള്ള കാരണം. അടുത്തകാലത്ത് അരുണാപുരത്ത് ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണത്തെത്തുടര്‍ന്ന് ഇപ്പോള്‍ വാഹനങ്ങള്‍ പുലിയന്നൂരില്നിന്നു മരിയന്‍ ജംഗ്ഷനില്‍കൂടി 50 മീറ്റര്‍ ദൂരത്തില്‍ പഴയ റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്.
ഒരു വീടിനെ ചുറ്റി വളഞ്ഞാണ് ഇപ്പോള്‍ ബൈപാസ് റോഡ്. പുലിയന്നൂര്‍ ജംഗ്ഷനില്‍ നിന്നും ബൈപാസിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മരിയന്‍ ജംഗ്ഷന് ചുറ്റി വേണം പോകുവാന്‍. ഈ ഭാഗത്ത് അപകടങ്ങളും കുരുക്കും പതിവാണ്. ഈ വളവുകൂടി ഏറ്റെടുത്ത് നിര്‍മാണം നടത്തിയാല്‍ മാത്രമേ ബൈപാസിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കുകയുള്ളൂ.
ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍ തുടങ്ങി കിഴതടിയൂര്‍ ജംഗ്ഷനില്‍ പാലാ-തൊടുപുഴ റോഡില്‍ സമാപിക്കുന്നതാണ് മൂന്ന് ഘട്ടങ്ങളായുള്ള ബൈപാസ്. പുലിയന്നൂര്‍ മുതല്‍ ആര്‍വി ജംഗ്ഷന് വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസിന്റെ മൂന്നാഘട്ടം.
16 മീറ്ററോളം വീതിയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് പാലാ ടൗണില്‍ പ്രവേശിക്കാതെ തൊടുപുഴ, ഈരാറ്റുപേട്ട, രാമപുരം, ഉഴവൂര്‍ ഭാഗത്തിലേക്കു പോകാം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സമാന്തര പാതയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നിയമക്കുരുക്കുകള്‍ ഏറെയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരുണാപുരത്തെ സ്ഥലം ഒഴിച്ചുള്ളവ ഏറ്റെടുത്ത് നിര്‍മാണം നടത്താന്‍ സാധിച്ചത്. സിവില്‍ സ്റ്റേഷന് ജംഗ്ഷനിലെ സ്ഥലം ഏറ്റെടുപ്പ് ഏറെ നിയമയുദ്ധങ്ങള്‍ക്കു ശേഷമാണ് പൂർത്തിയായത്. മരിയന്‍ ജംഗ്ഷനിലെ സ്ഥലം ഏറ്റെടുത്ത് ബൈപാസ് യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.