പരിസ്ഥിതിലോല പ്രദേശം: പമ്പാവാലിയിൽ ഇന്നു പ്രതിഷേധം
1453903
Tuesday, September 17, 2024 11:27 PM IST
കണമല: പമ്പാവാലി പ്രദേശത്തെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയതിനെതിരേ ഇന്ന് ജനകീയ പ്രതിഷേധം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് തുലാപ്പള്ളി ജംഗ്ഷനിലാണ് ജനകീയ പ്രതിഷേധം. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, വിവിധ മത-സാമുദായിക നേതാക്കൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. നൂറുകണക്കിന് നാട്ടുകാർ അണിനിരക്കും. പ്രതിഷേധ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
ആയിരക്കണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന ജനവാസ മേഖലയാണ് പ്രദേശം. പരിസ്ഥിതിലോല മേഖലയിൽ ഈ പ്രദേശത്തെ ഉൾപ്പെടുത്തിയത് വ്യക്തമായ പഠനം നടത്താതെയാണെന്ന് സമരസമിതി ആരോപിച്ചു.
ശബരിമല വനം അടുത്തുണ്ടെങ്കിൽ ആ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി കണക്കാക്കുകയാണ്. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടില്ല. പമ്പ ഡാം തുറന്നു വിടുമ്പോഴും കാലവർഷ പെരുമഴക്കാലത്തും പമ്പാനദിയിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മാത്രമാണ് നാട് നേരിടുന്ന ദുരിതം.
കുടിയേറ്റ കാർഷിക മേഖലയായതിനാലും പെരിയാർ കടുവാ സങ്കേതത്തിന്റെ ദൂരപരിധിയിൽ ഉൾപ്പെട്ടതിനാലും കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമായ പട്ടയം സർക്കാർ അനുവദിച്ചത് വൈകിയാണ്. ഇപ്പോഴും ഇതിൽ നിയമപ്രശ്നങ്ങൾ പൂർണമായി നീങ്ങിയിട്ടില്ല. എന്നാൽ, ഇതു മറയാക്കി പ്രദേശം പാരിസ്ഥിതിക പ്രത്യാഘാത മേഖലയിൽ ആണെന്ന് വ്യാഖ്യാനിക്കുകയാണ്.
വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇതുവരെ ഇക്കാര്യത്തിൽ ഇല്ലെന്നിരിക്കെയാണ് കേവലം സാങ്കൽപ്പികമായ കാര്യങ്ങൾ വസ്തുതകൾ എന്നതുപോലെ നിരത്തി പ്രദേശത്തെ പരിസ്ഥിതിലോല മേഖലയായി വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത്.
കിലോമീറ്ററുകൾ അകലെ നഗരങ്ങളിൽ വസിച്ച് പരിസ്ഥിതി സംരക്ഷകരെന്ന മേലങ്കി അണിഞ്ഞ ചിലരാണ് ഇത്തരം വാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ പോലും ഈ പ്രദേശത്ത് താമസിക്കുകയോ സ്ഥലങ്ങളും ഭൂപ്രകൃതിയും മനസിലാക്കുകയോ ചെയ്യാതെ വെറും സാങ്കൽപ്പികമായ കാര്യങ്ങളിലൂന്നി ഈ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശമായി ചിത്രീകരിക്കുകയാണ് ഇവർ.
നിയമപരമായ പിൻബലം സൃഷ്ടിച്ച് പമ്പാവാലി, തുലാപ്പള്ളി പ്രദേശങ്ങളെ പരിസ്ഥിതി ആഘാത മേഖല എന്ന പേരിലാക്കി ജനങ്ങളെ സ്വയം കുടിയൊഴിഞ്ഞു പോകുന്ന നിലയിലേക്ക് മാറ്റാനുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് സർക്കാർ മനസിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനെതിരേയാണ് ഇന്ന് ജനകീയ പ്രക്ഷോഭമായി സൂചനാ പ്രതിഷേധം നടത്തുന്നതെന്ന് സമരസമിതി അറിയിച്ചു. സമ്മേളനത്തിൽ ജോണി കെ. ജോർജ്, പി.ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
സമരസമിതി നേതാക്കളായ ബിജു പുള്ളോലിൽ, ജിനോഷ് വേങ്ങത്താനം, സിബി അഴകത്ത്, ഫാ. ബെന്നി തട്ടാംപറമ്പിൽ, പ്രസാദ് കുളങ്ങര, മാർത്തോമ്മാ പള്ളി വികാരി ഫാ. എബി, അനിൽ മാമൂട്ടിൽ, രാജീവ് ചീങ്കല്ലേൽ, അനീഷ് വേങ്ങത്താനം തുടങ്ങിയവർ നേതൃത്വം നൽ കും.