കടപ്പാട്ടൂർ ബൈപാസിലേക്കു കാടുവളർന്നു; കാൽനടയാത്ര ദുരിതപൂർണം
1453896
Tuesday, September 17, 2024 11:27 PM IST
പാലാ: കടപ്പാട്ടൂര്‍ ബൈപാസില്‍ റോഡിലേക്കു കാടുകയറിയതു യാത്രക്കാര്‍ക്കു ദുരിതമായി.
പാലാ നഗരത്തിലെ തിരക്കു കുറയ്ക്കാനും പാലായില്‍നിന്നു പൊന്‍കുന്നം റൂട്ടിലേക്കു നഗരത്തിലെത്താതെ പ്രവേശിക്കാനും കഴിയുന്ന ഏറ്റവും എളുപ്പത്തിലുള്ള വഴിയാണ് കടപ്പാട്ടൂര്‍ ബൈപാസ്. ഈ റോഡിനോട് അധികാരികള്‍ കാണിക്കുന്നത് കടുത്ത അനാസ്ഥയാണെന്നാണ് ആക്ഷേപം.
റോഡിന്റെ ഇരുവശങ്ങളിലും കാടുകയറിയതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ടി വരുന്നു. ഒട്ടേറെ വാഹനങ്ങള്‍ പോകുന്ന വഴിയായതുകൊണ്ട് റോഡിലേക്കിറങ്ങിയുള്ള നടത്തം അപകടം ക്ഷണിച്ചു വരുത്തുന്നു.
കാട്ടുപള്ളകള്‍ കയറിക്കിടക്കുന്ന റോഡില്‍ ഇഴജന്തുക്കളുടെ ശല്യവുമുള്ളതായി നാട്ടുകാര്‍ പറയുന്നു. വഴിവിളക്കുകള്‍ തെളിയാത്തത് ഇരട്ടി ദുരിതമാകുന്നുണ്ട്. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടപ്പാട്ടൂര്‍ ബൈപാസിന്റെ ഇടച്ചേരി ജംഗ്ഷന് മുതല്‍ പന്ത്രണ്ടാംമൈല് വരെയുള്ള വഴിവിളക്കുകള്‍ തെളിയുന്നില്ല. ഇതു തെളിക്കാന്‍ മുത്തോലി പഞ്ചായത്ത് അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.