ഗ്രാമീണ ടൂറിസം പദ്ധതികള്‍ കടലാസില്‍ : നോക്കുകുത്തിയായി ബോട്ടുജെട്ടിയും കെട്ടിടങ്ങളും
1453613
Sunday, September 15, 2024 6:47 AM IST
കടുത്തുരുത്തി: ഗ്രാമീണ ടൂറിസം പദ്ധതികള്‍ കടലാസില്‍. നോക്കുകുത്തിയായി ബോട്ട് ജെട്ടിയും കെട്ടിടങ്ങളും. ഗ്രാമീണ ടൂറിസത്തിന്റെ പേരില്‍ പദ്ധതികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും പഞ്ഞമില്ല. നടപ്പാക്കുന്ന കാര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാണോയെന്ന കാര്യത്തില്‍ തുടര്‍ നടപടികളില്ലാതെ പദ്ധതികള്‍ പലതും സ്മാരക സ്തൂപങ്ങളാകുന്നു.
എഴുമാന്തുരുത്ത് ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് നിര്‍മിച്ച ബോട്ട് ജെട്ടികളും കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ ആളില്ലാതെ നശിക്കുന്നു. 2021 ജനുവരിയില്‍ സംസ്ഥാന ടൂറിസം വകുപ്പ് മാതൃക ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ച എഴുമാന്തുരുത്തിലാണ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പ്രവര്‍ത്തന സജ്ജമാകാതെ നശിക്കുന്നത്.
കനാല്‍ സൈഡ് സൗന്ദര്യവത്കരണമെന്ന പേരില്‍ 2015-ലാണ് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ എഴുമാന്തുരുത്തിലും ആപ്പാഞ്ചിറ കാന്താരിക്കടവിലും ബോട്ടു ജെട്ടിയും അനുബന്ധ കെട്ടിടവും നിര്‍മിച്ചത്. ഒരോന്നിനും 50 ലക്ഷം വീതം ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ഇറിഗേഷന്‍ വകുപ്പ് മുഖേന ജെട്ടിയും കെട്ടിട നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയായി.
600 സ്ക്വയര്‍ ഫീറ്റ് വലിപ്പം വരുന്ന കെട്ടിടത്തിനും അതിന്റെ പൈലിംഗിനുമെല്ലാമായി 50 ലക്ഷം രൂപ ചെലവ് വന്നെന്ന തുക കേട്ട് 2015 ല്‍ തന്നെ നാട്ടുകാര്‍ ഞെട്ടിയിരുന്നു. ഒരു ഓഫീസ് മുറി, ചെറിയ സ്നാക്സ് പാര്‍ലര്‍ തുടങ്ങാനുള്ള രണ്ട് മുറി, രണ്ട് ശൗചാലയവും എന്നിവയാണ് കെട്ടിടത്തിനുള്ളിലുള്ളത്.
2017 ല്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം 2018 - 19 കാലഘട്ടത്തില്‍ സ്വകാര്യ സംരഭകര്‍ക്ക് വാടകയ്ക്ക് നല്കി. എന്നാല്‍, എഴുമാന്തുരുത്തിലെ ബോട്ട് ജെട്ടി പ്രവര്‍ത്തിക്കാതെ വന്നതോടെ ഡിടിപിസി തിരികെ എടുത്തു. ഏഴു വര്‍ഷത്തിലധികമായി എഴുമാംകായലിന്റെ തീരത്ത് ഇതുപോലൊരു കെട്ടിടം കിടന്നു നശിക്കുകയാണെങ്കിലും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഇവിടെയ്ക്കു തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കരിയാറിന്റെ ഭാഗമായ കാന്താരിക്കടവിലെ ബോട്ട് ജെട്ടി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വാടകയ്ക്കെടുത്ത സ്വകാര്യ സംരഭകന് വിദേശത്തേയ്ക്കു പോയതോടെ ഒന്നര വര്‍ഷം മുമ്പ് അതിനും പൂട്ട് വീണു. തുടര്‍ന്ന് രണ്ട് ബോട്ട് ജെട്ടികളും വാടകയ്ക്ക് നല്‍കാനായി ടെണ്ടര്‍ വിളിച്ചെങ്കിലും ആരും ഇതെറ്റെടുക്കാന് മുന്നോട്ട് വരുന്നില്ലെന്നാണ് ഡിടിസി ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷവും കടുത്തുരുത്തി പഞ്ചായത്ത് നടത്തിയ എഴുമാന്തുരുത്ത് ടൂറിസം ഫെസ്റ്റ് ആസ്വദിക്കാനായി വലിയ നിലയില്‍ എഴുമാന്തുരുത്ത് ഗ്രാമത്തില്‍ തദേശീയ ടൂറിസ്റ്റുകളെത്തിയിരുന്നു. ബോട്ട് ജെട്ടികള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഡിടിപിസി കാര്യക്ഷമമായി ഇടപെട്ടാല്‍ ഉള്‍നാടന്‍ ഗ്രാമീണ ടൂറിസത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും വലിയ നേട്ടമാകുമെന്ന് ജനപ്രതിനിധികളും പറയുന്നു.